ആറ് മാസത്തേക്ക് വിലക്കും മാപ്പ് പറഞ്ഞു കൊണ്ട് പത്രപ്പരസ്യവും; ജഗതിയ്‌ക്കെതിരെ മാക്ട എടുത്ത നടപടിയെ കുറിച്ച് പറഞ്ഞ് കലൂര്‍ ഡെന്നീസ്

നടന്‍ ജഗതിയെ മാക്ട സംഘടനയില്‍ നിന്നും വിലക്കിയ സംഭവത്തെ കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. മാധ്യമം വാരികയിലെ നിറഭേദങ്ങള്‍ എന്ന ആത്മകഥയിലാണ് തിരക്കഥാകൃത്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗതി സംവിധായകരെ കുറിച്ച് വളരെ മോശമായ ഭാഷയില്‍ സംസാരിച്ചു എന്ന ഗുരുതര ആരോപണം ഉയര്‍ന്നു.

സിനിമയുടെ ക്യാപ്റ്റനായ സംവിധായകനെ കുറിച്ച് ഇങ്ങനെ പറയാമെങ്കില്‍ മറ്റുള്ളവരെ കുറിച്ചും ഇതിനുമപ്പുറം പറയാന്‍ നടന്‍മാര്‍ മടിക്കില്ലെന്ന അഭിപ്രായം ഉയര്‍ന്നതോടെ സംവിധായകരും തിരക്കഥാകൃത്തുക്കളും അടിയന്തര ചര്‍ച്ച നടത്തി നടപടിയെടുക്കുകയായിരുന്നുവെന്നാണ് ഡെന്നീസ് പറയുന്നത്.

ജഗതിയെ ആറു മാസത്തേക്ക് ഒരു സിനിമയിലും അഭിനയിപ്പിക്കരുതെന്ന തീരുമാനമാണ് എടുത്തത്. കൂടാതെ ജഗതി സ്വന്തം ചെലവില്‍ മലയാള മനോരമയിലും മാതൃഭൂമിയിലും മാപ്പ് പറഞ്ഞു കൊണ്ടുള്ള പരസ്യം കൊടുക്കണമെന്നുള്ള കടുത്ത ഒരു തീരുമാനവും യോഗത്തില്‍ ഉയര്‍ന്നു.

എന്നാല്‍ പത്രത്തില്‍ പരസ്യം കൊടുക്കണമെന്നുള്ള തീരുമാനം കേട്ടപ്പോള്‍ പെട്ടെന്ന് യോജിക്കാനായില്ല.

ആറു മാസത്തേക്ക് വിലക്ക് കൂടാതെ ഒന്നൊന്നര ലക്ഷം രൂപ മുടക്കി പരസ്യവും കൊടുപ്പിക്കണോ എന്നൊരഭിപ്രായം താന്‍ യോഗത്തില്‍ ഉന്നയിച്ചു. അതിനോട് കമലും പി.ജി. വിശ്വംഭരനും ബാലചന്ദ്രന്‍ ചുള്ളിക്കാടും പിന്തുണച്ച് സംസാരിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് പിന്നില്‍ തങ്ങളുടെ ശബ്ദത്തിന് വിലയില്ലാതായി.

മാക്ടയുടെ കടുത്ത തീരുമാനം അറിഞ്ഞ ഉടനെ തന്നെ ജഗതി ആരെയൊക്കെയോ കൂട്ടി പ്രശ്‌നപരിഹാരത്തിനായി എത്തിയെങ്കിലും സംഘടനക്ക് അത് സ്വീകാര്യമായില്ല. അവസാനം മാക്ടയുടെ നിബന്ധന അനുസരിച്ച് ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ചു മനോരമയിലും മാതൃഭൂമിയിലും പരസ്യം കൊടുക്കേണ്ടിവന്നു എന്നാണ് കലൂര്‍ ഡെന്നീസ് പറയുന്നത്.

Vijayasree Vijayasree :