മലയാളികളുടെ എക്കാലത്തെയും റൊമാന്റിക് ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ആദ്യ ചിത്രം തന്നെ ബോക്‌സ് ഓഫീസ് ഹിറ്റ് ആക്കിയ അപൂര്‍വം ചില നടന്മാരില്‍ ഒരാളു കൂടിയാണ് ചാക്കോച്ചന്‍. സിനിമയില്‍ തിളങ്ങി നിന്ന താരം ഇടയ്ക്ക് വെച്ച് ബ്രേക്ക് എടുത്ത് വിട്ടു നിന്നു എങ്കിലും ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടന്‍. നിരവധി ചിത്രങ്ങളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടന്‍ രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ ജീവിത സഖിയായ പ്രിയയെ കണ്ടുമുട്ടിയതിനെ കുറിച്ചും പറയുകയാണ് താരം.
2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്. 2019ലാണ് ഇരുവര്‍ക്കും ഒരു മകന്‍ പിറന്നത്. ഇസഹാക്ക് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഇസക്കുട്ടന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം കുഞ്ചാക്കോ ബോബന്‍ എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഭാര്യ പ്രിയയെ ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ തന്റെ മനസ് തുറന്നത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ, ‘അതൊരു ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നു. ‘നക്ഷത്രത്താരാട്ട്’ സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലില്‍ താമസിക്കുന്നു. അന്ന് ഇതുപോലെ സെല്‍ഫി, ഫോണ്‍ പരിപാടികള്‍ ഒന്നുമില്ല. മാര്‍ ഇവാനിയോസ് കോളേജിലെ പിള്ളേര്‍ കാണാന്‍ വന്നിട്ടുണ്ട്, ഓട്ടോഗ്രാഫ് വേണമെന്ന് റിസപ്ഷനില്‍ നിന്നും വിളിച്ചു പറഞ്ഞു. ഞാന്‍ റിസപ്ഷനില്‍ എത്തിയപ്പോള്‍ അവിടെ കുറച്ചു സുന്ദരികളായ പെണ്‍കുട്ടികള്‍ നില്‍ക്കുന്നു. എല്ലാവര്‍ക്കും ഓട്ടോഗ്രാഫൊക്കെ കൊടുത്തു. പെട്ടെന്ന്, അതിലൊരു കുട്ടിയുടെ കണ്ണുകളില്‍ എന്റെ കണ്ണുടക്കി. ഇപ്പോഴും ഓര്‍മ്മയുണ്ട്, പാമ്പിന്റെ സ്റ്റൈലില്‍ ഉള്ളൊരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത്. അതെന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് എനിക്കറിയില്ലായിരുന്നു .’
‘പിന്നെ പ്രിയയ്ക്ക് എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കിട്ടി. നിര്‍മാതാവായ ഗാന്ധിമതി ബാലന്റെ മകള്‍ പ്രിയയുടെ സുഹൃത്താണ്. എന്റെ നമ്പര്‍ അവിടെനിന്നാണ് അവള്‍ സംഘടിപ്പിച്ചത്. പതിയെ പതിയെ അതൊരു സൗഹൃദമായി മാറി. പ്രിയയുടെ വീട്ടുകാര്‍ക്ക് ആദ്യം പേടിയുണ്ടായിരുന്നു, സിനിമാക്കാരനൊക്കെ ആയതുകൊണ്ട് പറഞ്ഞു പറ്റിക്കാനുള്ള പരിപാടിയാണോയെന്ന്. അന്ന് പ്രിയ പ്രീ ഡിഗ്രിക്ക് പഠിക്കുന്നതേയുള്ളൂ, കൊച്ചുകുട്ടിയാണ്. വേറെ ആരെയും പ്രേമിക്കാന്‍ ഞാന്‍ സമയം കൊടുത്തില്ല. പ്രിയയ്ക്ക് എന്‍ജിനീയറിങ് പഠിക്കണമെന്നുണ്ടായിരുന്നു, അതിനു സമയം വേണമായിരുന്നു. പഠനം കഴിയുന്നത് വരെ ഞാന്‍ കാത്തിരുന്നു, അങ്ങനെയാണ് വിവാഹം സംഭവിക്കുന്നത്,’