ഒരു വര്‍ഷം മൂന്ന് സിനിമകള്‍ ചെയ്യണം; വിജയ്‌യോട് അഭ്യര്‍ത്ഥനയുമായി തിയേറ്റര്‍ ഉടമകള്‍

10 മാസങ്ങള്‍ക്ക് ശേഷം ആയിരുന്നു മാസ്റ്റര്‍ എന്ന വിജയ് ചിത്രം തിയേറ്ററുകളിലെത്തിയത്. 250 കോടി രൂപയോളം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. അതും 50% ഒക്ക്യുപെന്‍സിയില്‍. എന്നാല്‍ പിന്നീട് മാസ്റ്ററിനു ശേഷം വന്ന സിനിമകള്‍ ഒന്നും തന്നെ തീയേറ്ററില്‍ കാര്യമായി വിജയം കണ്ടില്ല. ഈ കാരണം കൊണ്ട് തീയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ വീണ്ടും വിജയ്യെ സമീപിച്ചിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍. വര്‍ഷത്തില്‍ മൂന്നു സിനിമകള്‍ എങ്കിലും വിജയ് ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇതിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് വിജയ് തന്നെയാണ് എന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു.

തിയേറ്റര്‍ വിപണിക്ക് ഉണ്ടായ നഷ്ടം നികത്താന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല എന്നും അവര്‍ പറയുന്നു. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗമാണ് ഇപ്പോള്‍ മുടങ്ങി കിടക്കുന്നത് എന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. മാസ്റ്ററിനു ശേഷം വന്ന സിനിമകള്‍ ഒന്നും തന്നെ കാര്യമായി ഗുണം ചെയ്തില്ല എന്നും ഇവര്‍ വെളിപ്പെടുത്തുന്നു.

നിലവില്‍ വിജയ് അഭിനയിക്കാനിരിക്കുന്ന പുതിയ ചിത്രമാണ് ദളപതി 65. നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്‍ പിച്ചേഴ്‌സ് പ്രൊഡക്ഷന്‍സ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കലാനിധി മാരന്‍ ആണ് നിര്‍മാണം. ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. അടുത്ത വര്‍ഷം പൊങ്കലിന് തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ചിത്രീകരണം റഷ്യയില്‍ ആയിരിക്കും ആരംഭിക്കുക. സംവിധായകന്‍ അടങ്ങുന്ന പ്രൊഡക്ഷന്‍ ടീം ഇപ്പോള്‍ റഷ്യയില്‍ ലൊക്കേഷന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ഈ ചിത്രം റിലീസ് ചെയ്തതിനു ശേഷം അതേ വര്‍ഷം രണ്ടു വിജയ് സിനിമകള്‍ കൂടി ഉണ്ടാകണം എന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. 2022 മധ്യത്തില്‍ ഒരു സിനിമയും അവസാനത്തില്‍ മറ്റൊരു സിനിമയില്‍ എന്ന കണക്കിലാണ് ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ദളപതി 66 ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ ആകുന്നതോടെ ചിത്രം തിയേറ്ററുകളിലെത്തും. ഉടന്‍തന്നെ ദളപതി 67 ഷൂട്ടിങ് ആരംഭിക്കുകയും 2022 വര്‍ഷാവസാനമോ 2023 പൊങ്കലിന് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.

Vijayasree Vijayasree :