മോഹന്‍ലാലിന്റെ കരിയറില്‍ ഏറ്റവും വിജയം നേടി കൊടുത്ത രണ്ട് ഹിറ്റ് ചിത്രങ്ങളായിരുന്നു കീരിടവും ചെങ്കോലും. സേതുമാധവന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. 1989 ല്‍ പുറത്തിറങ്ങിയ കിരീടം സൂപ്പര്‍ഹിറ്റ് ആയിരുന്നു. ശേഷം 1993 ല്‍ രണ്ടാം ഭാഗമായി ചെങ്കോലും പുറത്തിറങ്ങി. അതും സൂപ്പര്‍ഹിറ്റ് ആയി. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര അണിനിരന്ന സിനിമയുടെ ആരുമറിയാത്ത പിന്നാമ്പുറ കഥകളുമായി എത്തിയിരിക്കുകയാണ് നടന്‍ കുണ്ടറ ജോണി.
‘ഞാനും മോഹന്‍ലാലും ഒന്നിച്ചുള്ള സംഘട്ടരംഗം ചിത്രീകരിച്ചത് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് നിന്നാണ്. അവിടെ മാംസങ്ങളുടെയും മറ്റും വേസ്റ്റ് കൊണ്ടിടുന്ന സ്ഥലമായിരുന്നു. വള്ളി പടര്‍ന്ന് കിടക്കുന്ന കാട് പോലെയുള്ള സ്ഥലത്തിനിടയിലായിരുന്നു വേസ്റ്റ് കളഞ്ഞിരുന്നത്. അക്കാര്യം ഞങ്ങള്‍ അറിഞ്ഞതുമില്ല. രാവിലെ ഷൂട്ടിന് എത്തിയപ്പോള്‍ തന്നെ മണം വന്നിരുന്നു. ആദ്യത്തെ രണ്ട് പഞ്ച് കഴിഞ്ഞപ്പോള്‍ തന്നെ ഞാനും ലാലും വീണിടത്തെ മണ്ണിളകി.
അപ്പോഴാണ് അവിടെ നിന്നും പുഴുക്കള്‍ പുറത്ത് വരുന്നത് കാണുന്നത്. എന്ത് ചെയ്യണമെന്ന് സംവിധായകന്‍ സിബി മലയില്‍ ഞങ്ങളോട് ചോദിച്ചു. നമുക്ക് ഇത് ചെയ്തു കൂടെ ജോണി എന്നായിരുന്നു ലാലിന്റെ ചോദ്യം. നിങ്ങള്‍ ചെയ്യുന്നെങ്കില്‍ ഞാന്‍ റെഡിയാണെന്ന് പറഞ്ഞു. അങ്ങനെ ആ രംഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഏകദേശം മൂന്ന് മണിവരെ ബ്രേക്ക് പോലും എടുക്കാതെയാണ് ആ ഫൈറ്റ് സീന്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചിത്രീകരണം കഴിഞ്ഞതിന് ശേഷം നോക്കിയപ്പോള്‍ ലാലിന്റെ ദേഹത്തൊക്കെ പുഴുവിനെ കാണാമായിരുന്നു. പിന്നീട് ഡെറ്റോളില്‍ കുളിക്കേണ്ട അവസ്ഥയായിരുന്നു’ എന്നും ജോണി പറയുന്നു.