‘ആശയങ്ങള്‍ അപഹരിച്ചു’; സ്റ്റാലിനെതിരെ ആപോപണവുമായി കമല്‍ ഹാസന്‍

‘മക്കള്‍ നീതി മയ്യ’ ത്തിന്റെ ആശയങ്ങള്‍ എതിര്‍ പാര്‍ട്ടിയായ സ്റ്റാലിന്റെ ഡി.എം.കെ അപഹരിച്ചെന്ന് ആരോപണവുമായി നടന്‍ കമല്‍ ഹാസന്‍. വീട്ടുജോലിക്ക് ശമ്പളം, പ്രതിവര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങള്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് പിന്തുണ തുടങ്ങിയ ആശയങ്ങള്‍ ഡി.എം.കെ മോഷ്ടിച്ചുവെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. സ്ത്രീകള്‍ക്ക് വീട്ടുജോലി പരിഗണിച്ച് മാസം 1000 രൂപ നല്‍കുമെന്നാണ് ഡി.എം.കെയുടെ പ്രകടന പത്രികയിലെ വാഗ്ദാനം. കൂടാതെ പ്രതിവര്‍ഷം 10 ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും കുടുംബത്തിന്റെ വരുമാനം ഉയര്‍ത്തുമെന്നും ഡി.എം.കെ വാഗ്ദാനം ചെയ്യുന്നു.

ഇക്കാര്യം തിരുച്ചിറപ്പിള്ളിയില്‍ നടന്ന റാലിക്കിടെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കമല്‍ ഹാസന്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘അദ്ദേഹം ഞങ്ങളുടെ ആശയങ്ങള്‍ പകര്‍ത്തി അവരുടേതാക്കി മാറ്റി.

നേരത്തേ ഞാന്‍ പറഞ്ഞു വീട്ടമ്മമാര്‍ക്ക് ശമ്പളം ഉറപ്പാക്കുമെന്ന്, ഇപ്പോള്‍ അദ്ദേഹം പറയുന്നു വീട്ടമ്മമാര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന്.
ബെയ്ജിങ് വിളംബരത്തെ അടിസ്ഥാനമാക്കി ഇത്തരമൊരു വാഗ്ദാനം നല്‍കിയ ആദ്യ രാഷ്ട്രീയ പാര്‍ട്ടി ഞങ്ങളുടേതാണ്’ -കമല്‍ ഹാസന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം ഉറപ്പാക്കുമെന്നായിരുന്നു കമല്‍ ഹാസന്റെ പ്രഖ്യാപനം.

‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സംസ്ഥാനത്ത് 50 ലക്ഷം തൊഴിലുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഡി.എം.കെയുടെ വാഗ്ദാനം ഒരു വര്‍ഷം 10 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ്. അഞ്ചുവര്‍ഷം കൊണ്ട് 50 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നതിന് സമാനമാണിതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Vijayasree Vijayasree :