ലോകസംഗീതത്തെ മാറ്റിമറിച്ച ഇ.എം.ഐ. മ്യൂസിക് വേള്‍ഡ് വൈഡിന്റെ പ്രഥമ ചെയര്‍മാന്‍ വിജയഭാസ്‌കര്‍ മേനോന്‍ (86) അന്തരിച്ചു. കാലിഫോര്‍ണിയ ബെവെര്‍ലി ഹില്‍സിലെ വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ലോകപ്രശസ്ത ഇംഗ്ലീഷ് മ്യൂസിക് ബാന്‍ഡായ പിങ്ക് ഫ്‌ലോയ്ഡിനെ ‘ദ ഡാര്‍ക്ക് സൈഡ് ഓഫ് ദ മൂണി’ലൂടെ 1973-ല്‍ അമേരിക്കയില്‍ ആസ്വാദകര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത് ഭാസ്‌കര്‍ മേനോന്‍ ആയിരുന്നു.
ബീറ്റില്‍സ്, റോളിങ് സ്റ്റോണ്‍, ക്വീന്‍, ഡേവിഡ് ബൗവീ, ടീനാ ടര്‍ണര്‍, ആന്‍ മ്യുറെ, ഡ്യുറാന്‍ ഡ്യുറാന്‍, കെന്നി റോജേഴ്സ് തുടങ്ങിയ പാശ്ചാത്യ സംഗീതലോകത്തെ അതിപ്രശസ്ത സംഗീതജ്ഞരുമൊത്തും ബാന്‍ഡുകളുമൊത്തും ഭാസ്‌കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുപതിറ്റാണ്ടുകാലത്തെ സംഗീതജീവിതത്തില്‍ നിരവധി സംഭാവനകളാണ് അദ്ദേഹം സമ്മാനിച്ചത്.
1934-ല്‍ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം, ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യ(എച്ച്.എം.വി.)യിലൂടെയാണ് സംഗീതവ്യവസായ രംഗത്തെത്തുന്നത്. 1971ല്‍ ലോസ് ആഞ്ജലിസിലെത്തിയ അദ്ദേഹം 1978-ലാണ് ഇ.എം.ഐ. ചെയര്‍മാനാകുന്നത്.
സംഗീതലോകത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ഐ.എഫ്.പി.ഐ. ‘മെഡല്‍ ഓഫ് ഓണര്‍’ നല്‍കി ആദരിച്ചു. 1971-1990 വരെ അമേരിക്കന്‍ റെക്കോഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ (ആര്‍.ഐ.എ.എ.) ഡയറക്ടറുമായിരുന്നു.