സ്വപ്‌നക്കൂടിലെ പൃഥ്വിരാജിനെ പോലെ ആയിരുന്നു ഞാന്‍, എപ്പോഴും ഒരു ക്രഷ് ഉണ്ടാകും; വിവാഹത്തെ കുറിച്ച് ജൂവല്‍ മേരി

ടെലിവിഷന്‍ രംഗത്ത് നിന്നും അഭിനയ മേഖലയിലേക്ക് എത്തിയ നടിയാണ് ജൂവല്‍ മേരി. അവതാരകയാവുന്നതിന് മുന്‍പ് നേഴ്സ് ആയിരുന്ന ജൂവല്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണിപ്പോള്‍. ഏത് പ്രായത്തിലുള്ള വേഷം ചെയ്യാനും തനിക്ക് മടിയില്ലെന്നും ഇതുവരെ കിട്ടിയതില്‍ സംതൃപ്തയാണെന്നും ഒരു അഭിമുഖത്തില്‍ നടി പറയുന്നു. ‘സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലേയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കിട്ടിയതില്‍ വച്ച് തന്നെ ഞാന്‍ ഹാപ്പിയാണ്. ഒരു ഫ്രെയിമിനുള്ളില്‍ നില്‍ക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല. നല്ല സെന്‍സുള്ള ഒരു ക്യാരക്ടറിന് വിളിച്ചാല്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാന്‍ റെഡിയാണ്. പ്രായം ചെന്ന വേഷങ്ങളും ചെയ്യാം. എന്റെ ആദ്യ സിനിമയായ പത്തേമാരിയില്‍ തന്നെ ഞാന്‍ അറുപത് വയസുള്ള ആളായി അഭിനയിച്ചിട്ടുണ്ടല്ലോ.

ഞാനും ജെന്‍സണും നല്ല സുഹൃത്തുകളായിരുന്നു. സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ജെന്‍സനോട് വീട്ടില്‍ വന്ന് ആലോചിക്കാന്‍ പറഞ്ഞു. വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. പിന്നെ ഒരു വര്‍ഷം ഞങ്ങള്‍ സ്വസ്ഥമായി പ്രണയിച്ചു. അതു കഴിഞ്ഞ് കല്യാണം. ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മ്യാരേജ് ആയിരുന്നുവെന്ന് പറയാം. ജെന്‍സന്‍ ഇപ്പോള്‍ ലാലേട്ടന്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ ജിജോ സാറിന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുകയാണ്. ജിജോ സാറാണ് ബറോസിന്റെ ക്രിയേറ്റീവ് ഹെഡ്. ഞാനൊരു സാധാരണ ഭാര്യയാണ്. ഞങ്ങള്‍ രണ്ടു പേരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരായത് കൊണ്ട് ഞങ്ങള്‍ക്ക് പരസ്പരം മനസിലാകും. എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് ജെന്‍സന്‍. സിനിമയായാലും ഷോ ആയാലും നീ ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നയാള്‍. എല്ലാവര്‍ക്കും ടാലന്റ് കിട്ടില്ല. നീയത് നശിപ്പിച്ച് കളയരുതെന്ന് ജെന്‍സന്‍ ഉപദേശിക്കാറുമുണ്ട്.

പുറമേ കാണുമ്പോള്‍ ഒരുപാട് ആത്മവിശ്വാസമുള്ള ആളായിട്ട് തോന്നുമെങ്കിലും അകമേ അത്ര ആത്മവിശ്വാസമെനിക്ക് ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി. സ്ത്രീയെന്നുള്ള കരുത്ത് അനുഭവിച്ചറിയാന്‍ തുടങ്ങി. ഞാന്‍ എന്റെ ഗേള്‍ ഹുഡ് പൂര്‍ത്തിയാക്കിയത് ഈ അടുത്ത കാലത്താണെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ സ്വത്വം തിരിച്ചറിഞ്ഞ പോലെ ഞാന്‍ എന്നിലെ സ്ത്രീയെ തിരിച്ചറിയാന്‍ തുടങ്ങി. നാളെ എന്തെന്നറിയാത്തതിനാല്‍ ഇന്ന് കിട്ടുന്നതില്‍ ആഹ്ലാദിക്കാന്‍ പഠിച്ചു എന്നും താരം പറയുന്നു. പ്രണയത്തെ കുറിച്ച് ജൂവല്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു.

എപ്പോഴായിരുന്നു പ്രണയം ആരംഭിച്ചത് എന്ന് ചോദിച്ചാല്‍ യുകെജി മുതല്‍ ഞാന്‍ പ്രണയത്തിലായിരുന്നു. യുകെജിയില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു പയ്യനുണ്ടായിരുന്നു ഒരുകൊച്ചുപയ്യന്‍. എല്ലാ ക്ലാസുകളിലും എനിക്കൊരു ക്രഷ് ഉണ്ടായിരുന്നു. നമ്മള്‍ ഭയങ്കര സുന്ദരിയായത് കൊണ്ടൊന്നുമല്ല അത്. എല്ലാത്തിലുമൊരു കൗതുകം, അതുകൊണ്ടാണ്. കൗതുകം ലേശം കൂടുതലാണ്, സ്വപ്നക്കൂടിലെ പൃഥ്വിരാജിന്റെ പോലെ തന്നെയുള്ള കഥാപാത്രം. കോളേജിലെത്തിയപ്പോള്‍ അങ്ങനെ പ്രണയമൊന്നുമുണ്ടായിരുന്നില്ല. വിമന്‍സ് കോളേജിലായിരുന്നു ഞാന്‍ പഠിച്ചത് പ്രണയിക്കാന്‍ പറ്റിയ ആള്‍ക്കാരൊന്നും ആ ബാച്ചിലില്ലായിരുന്നു. സീനിയേഴ്സിലുണ്ടായിരുന്ന ചേട്ടന്‍മാരെല്ലാം ഞങ്ങളുടെ ബ്രദേഴ്സായിരുന്നു.

ഇതിന് ശേഷമായാണ് ജെന്‍സനെ കണ്ടെത്തിയത് . റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി. കൂട്ടുകെട്ടിനിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ കല്യാണം കഴിക്കാമെന്ന് തോന്നിപ്പോയി. അപ്പോഴാണ് വീട്ടുകാരെക്കുറിച്ച് പറഞ്ഞത്. രണ്ടുപേരും സമാന സ്വഭാവങ്ങളുള്ളവരായിരുന്നു. താല്‍പര്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ത്തന്നെ ചുറ്റിക്കളിയിലൊന്നും താല്‍പര്യമില്ലെന്നും വീട്ടില്‍ വന്ന് ആലോചിക്കാനും പറഞ്ഞിരുന്നു. വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി. അവരതങ്ങ് സെറ്റാക്കി. സാധാരണ ഒരുവീട്ടില്‍ പ്രണയം അറിഞ്ഞാലുള്ള അവസ്ഥയെങ്ങനെയാണ്. ഒന്ന് എതിര്‍ക്കണ്ടേ,വഴക്ക് പറയണ്ടേ, അതൊന്നുമുണ്ടായിരുന്നില്ല. എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു. വീട്ടില്‍ നിന്നും ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല. ഈ വക സ്വഭാവങ്ങള്‍ അറിയാവുന്നതിനാലാണ് അവര്‍ പെട്ടെന്ന് സെറ്റാക്കിയത്. ജെന്‍സണും കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നു എന്നും ജൂവല്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :