ചലച്ചിത്രമേള; ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വ്യാഴാഴ്ച ആരംഭിക്കും, ഓപ്പണ്‍ ഫോറത്തിന് ഇന്ന് തുടക്കം

ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വ്യാഴാഴ്ച ആരംഭിക്കും. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്.എം.എസ്. വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം.

എസ്.എം.എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK(space) ഫിലിം കോഡ് എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയയ്ക്കണം. ബിലേസുവാര്‍, ബേര്‍ഡ് വാച്ചിങ്, ക്രോണിക്കിള്‍ ഓഫ് സ്‌പേസ്, ചുരുളി, ഡെസ്റ്റെറോ, ഹാസ്യം, ഇന്‍ ബിറ്റ്വീന്‍ ഡൈയിങ്, കോസ, ലോണ്‍ലി റോക്ക് എന്നീ ചിത്രങ്ങളാണ് മത്സരത്തിന്.

കൂടാതെ, മെമ്മറി ഹൗസ്, റോം, ദി നെയിംസ് ഓഫ് ദ ഫ്‌ലവേഴ്‌സ്, ദേര്‍ ഈസ് നോ ഈവിള്‍, ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ് ഈസ് എ റിസറക്ഷന്‍ എന്നീ ചിത്രങ്ങളും മത്സരത്തിനുണ്ട്. ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തില്‍ പ്രേക്ഷകപ്രീതി നേടിയ മികച്ചചിത്രത്തിനുള്ള പുരസ്‌കാരം സമ്മാനിക്കും.

രാജ്യാന്തരമേളയിലെ ഓപ്പണ്‍ഫോറത്തിന് ചൊവ്വാഴ്ച തുടക്കമാവും. വൈകീട്ട് അഞ്ചിന് പ്രിയ തിയേറ്റര്‍ കോംപ്ലക്‌സില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനംചെയ്യും. ‘ചലച്ചിത്രമേളകളും ഫിലിം സൊസൈറ്റി പ്രസ്ഥാനവും’ എന്ന വിഷയത്തിലാണ് ആദ്യദിനത്തില്‍ സംവാദം നടക്കുക.

Vijayasree Vijayasree :