എമ്മി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ‘ദി ക്രൗണും’ ‘ദി ക്വീന്‍സ് ഗാംബിറ്റും’; സ്വന്തമാക്കിയത് 11 പുരസ്‌കാരങ്ങള്‍

73ാമത് എമ്മി പുരസ്‌കാരങ്ങളില്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ‘ദി ക്രൗണും’ ‘ദി ക്വീന്‍സ് ഗാംബിറ്റും’. ബ്രിട്ടീഷ് രാജകുടുംബത്തെ വെച്ചുള്ള പരമ്പരയായ ‘ദി ക്രൗണ്‍’ ഡ്രാമ വിഭാഗത്തിലെ മികച്ച ഡ്രാമ, നടന്‍, നടി, സഹനടന്‍, സഹനടി, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവ ഉള്‍പ്പെടെ 11 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

ദി ക്വീന്‍സ് ഗാംബിറ്റും അത്രയും നേട്ടവുമായി ഒപ്പമെത്തിയപ്പോള്‍ സാറ്റര്‍ഡേ നൈറ്റ് ലൈവ്’ എട്ടും ടെഡ് ലാസോ ഏഴും അവാര്‍ഡുകള്‍ നേടി. ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ കെയ്റ്റ് വിന്‍സ്‌ലെറ്റ് ആണ് മികച്ച നടി. ഇവാന്‍ മക്‌ഗ്രെഗര്‍ നടനും. 44 അവാര്‍ഡുകള്‍ വാരിക്കൂട്ടി നെറ്റ്ഫ്‌ലിക്‌സ് ടെലിവിഷന്‍ ശൃംഖലകളില്‍ ഏറെ മുന്നിലെത്തി.

എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്‌സ് തുടങ്ങിയവയെക്കാള്‍ ഇരട്ടിയിലേറെ പുരസ്‌കാരങ്ങളാണ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തം പേരില്‍ കുറിച്ചത്. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങളുമായി ‘ദി ക്രൗണി’നൊപ്പം കടുത്ത മത്സരമുയര്‍ത്തിയ ‘ദി മാന്‍ഡലോറിയന്‍’ അവാര്‍ഡ് പ്രഖ്യാപനത്തോടെ പിറകോട്ടുപോയി.

രണ്ടും 24 വീതം നാമനിര്‍ദേശങ്ങളാണ് നേടിയിരുന്നത്. ‘ദി ക്രൗണി’നു പുറമെ ‘ക്വിന്‍സ് ഗാംബിറ്റും’ 11 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. അതേസമയം, പ്രമുഖ അവാര്‍ഡുകളിലേറെയും വെള്ളക്കാര്‍ക്ക് മാത്രമാക്കിയെന്ന പരാതിയും സമൂഹ മാധ്യമങ്ങളില്‍ ശക്തമായി. കോമഡി, ഡ്രാമ, ലിമിറ്റഡ് സീരീസ് വിഭാഗങ്ങളിലെ പ്രധാന 12 പുരസ്‌കാരങ്ങളും വെള്ളക്കാരായ നടീനടന്മാര്‍ക്കാണ്.

Vijayasree Vijayasree :