എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തി, ഇമേജിനെ ബാധിക്കുമോ എന്ന് പേടിയായിരുന്നു, അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല; തുറന്ന് പറഞ്ഞ് മീന

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളില്‍ സജീവമായി തുടരുകയാണ് മീന. മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘ദൃശ്യം 2’വിലെ മീനയുടെ ‘ആനി’ എന്ന കഥാപാത്രം ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലേത് പോലെ തന്നെ ശ്രദ്ധേയമാവുകയാണ്. മോഹന്‍ലാല്‍ കഥാപാത്രമായി ജോര്‍ജൂട്ടിയുടെ ഭാര്യയായ ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മീന അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് മീനയുടെ കഥാപാത്രത്തിനും ലഭിക്കുന്നത്. ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ചില വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മീന. ഒരിക്കലും താന്‍ സിനിമയില്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും, മുപ്പതോളം നായകന്മാരും നായികയായി അഭിനയിക്കാന്‍ സാധിച്ചുവെന്നും മീന പറയുന്നു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം മീന പറഞ്ഞത്.

‘തമിഴില്‍ ശിവാജി ഗണേശന്‍ സാറിനൊപ്പമായിരുന്നു ആദ്യ സിനിമ. പിന്നീട് പ്രഭുവിന്റെ മകളായും, നായികയായും അഭിനയിച്ചു. തെലുങ്കിലും രണ്ടു തലമുറയ്ക്കൊപ്പം അഭിനയിച്ചു. രജനീകാന്ത്, കമലഹാസന്‍, പ്രഭു, സത്യരാജ്, വിജയകാന്ത്, തെലുങ്കില്‍ എന്‍ടിആര്‍, ബാലകൃഷ്ണ, ചിരഞ്ജീവി, വെങ്കിടേഷ്, നാഗര്‍ജ്ജുന, മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം സുരേഷ് ഗോപി, അഭിനയിച്ച ആറു ഭാഷകളിലായി മുപ്പതോളം നായികമാരുടെ നായികയായി. പലതരം റോളുകള്‍ വന്നിട്ടുണ്ടെങ്കിലും നെഗറ്റീവ്സ് ഒട്ടുമില്ലാത്ത കഥാപാത്രങ്ങള്‍ മാത്രമാണ് അന്ന് സെലെക്റ്റ് ചെയ്തത്. കോമഡി ചെയ്തിട്ടുണ്ടെങ്കിലും നെഗറ്റീവ് റോളുകള്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം കുറയുമോ? ഇമേജിനെ ബാധിക്കുമോ? എന്നൊക്കെ പേടിയായിരുന്നു. അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നിരാശയുണ്ട്. എല്ലാത്തരം റോളുകള്‍ അഭിനയിക്കുമ്പോഴല്ലേ നമുക്കു കഴിവ് തെളിയിക്കാനാകൂ’.

മീനയ്ക്ക് പിന്നാലെ മകള്‍ നൈനികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ദളപതി വിജയ് ചിത്രം തെരിയിലൂടെയാണ് താരപുത്രി തുടങ്ങിയത്. തെരിയ്ക്ക് പിന്നാലെ ഭാസകര്‍ ദി റാസ്‌കല്‍ തമിഴ് റീമേക്കിലും നൈനിക അഭിനയിച്ചു. അതേസമയം സിനിമയിലെ തിരക്ക് കാരണം ഏട്ടാം ക്ലാസില്‍ വെച്ച് പഠിപ്പ് നിര്‍ത്തേണ്ടി വന്നതിനെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീന പറഞ്ഞിരുന്നു. പിന്നീട് പ്രൈവറ്റായി പഠിച്ചെടുക്കുകയായിരുന്നു എന്നും നടി പറഞ്ഞു. തനിക്കുണ്ടായത് പോലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യെന്നും നടി പറയുന്നു. അവള്‍ എഞ്ചോയ് ചെയ്ത വളരട്ടെയെന്നാണ് മീനയുടെ അഭിപ്രായം.

നൈനികയെ തേടി പിന്നെയും ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ മകള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്ന തീരുമാനത്തില്‍ അത് കമ്മിറ്റ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സിനിമയിലുണ്ടായ തിരക്ക് കാരണം അവളുടെ പല ക്ലാസുകളും നഷ്ടപ്പെട്ടിരുന്നു. പിന്നീട് മിസ്സായ ക്ലാസുകളൊക്കെ പഠിച്ചെടുക്കാന്‍ അവള്‍ ഏറെ ബുദ്ധിമുട്ടിയെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് എല്ലാ സിനിമകളും കമ്മിറ്റ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. മോളെ അഭിനയിപ്പിക്കുന്നതിനെ കുറിച്ച് താനും വിദ്യയും ചിന്തിക്കുന്നതിന് മുന്‍പാണ് വിജയ് ചിത്രത്തിലേക്കുളള ഓഫര്‍ വന്നത്. ആദ്യം എന്റെ ഡേറ്റ് ചോദിച്ച് വിളിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ മകളെ കുറിച്ച് ചോദിച്ചാണ് വിളിച്ചത്. തുടര്‍ന്ന് തെരിയില്‍ നൈനിക അഭിനയിച്ചു. ആദ്യ ഷോട്ടിന് വേണ്ടി മോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. മോള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ. എന്റെയും മകളുടെയും സിനിമാ കരിയര്‍ തുടരുന്നതില്‍ വലിയ പിന്തുണയുമായി ഭര്‍ത്താവ് ഉണ്ട്. മോളുണ്ടായ ശേഷവും സിനിമയില്‍ അഭിനയിക്കാന്‍ എന്നെ പ്രോല്‍സാഹിപ്പിച്ചത് അദ്ദേഹമാണെന്നും അഭിമുഖത്തില്‍ മീന പറഞ്ഞു.

Vijayasree Vijayasree :