ഞാന്‍ ഒരു ഹീറോയുടെ നായികയല്ലായിരുന്നു സംവിധായകന്റെ നായികയായിരുന്നു; നായികയായി വേണ്ടെന്ന് പറഞ്ഞതില്‍ വിഷമമില്ല

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായുളള ഉര്‍വ്വശി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായ താരം സഹനടിയായും കേന്ദ്രകഥാപാത്രമായുളള സിനിമകളിലും എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം സജീവമായിരുന്നു താരം. ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അനായാസ അഭിനയം കൊണ്ട് ഉര്‍വ്വശി മികവുറ്റതാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം തമിഴിലും മലയാളത്തിലുമായി ശ്രദ്ധേയ പ്രകടനമാണ് നടി സിനിമകളില്‍ കാഴ്ചവെച്ചത്. വരനെ ആവശ്യമുണ്ട് ചിത്രത്തിലൂടെ തുടങ്ങിയ താരം തുടര്‍ന്ന് തമിഴ് ചിത്രങ്ങളായ സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍, പുത്തം പുതുകാലൈ എന്നി സിനിമകളിലും തിളങ്ങി.

അതേസമയം ഒരഭിമുഖത്തില്‍ സിനിമയില്‍ വെറുതെ വന്നുപോകുന്ന നായികാ കഥാപാത്രങ്ങള്‍ ചെയ്യാത്തത് മൂലം തനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉര്‍വ്വശി തുറന്നുപറഞ്ഞിരുന്നു. പ്രാധാന്യം കുറഞ്ഞ റോളുകള്‍ വരുമ്പോള്‍ ഉര്‍വ്വശിയെ വിളിക്കേണ്ട എന്ന് പറഞ്ഞ നായകന്മാര്‍ ഉണ്ടായിരിക്കാമെന്നും നടി പറയുന്നു. എന്നാല്‍ അതൊന്നും തന്നെ ബാധിച്ച കാര്യമേ അല്ലായിരുന്നു എന്നും നടി പറഞ്ഞു. ഒരു സമയത്ത് സിനിമയില്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്ന് നടി പറയുന്നു. ഉര്‍വ്വശിയെ നായികയായി വേണ്ട എന്ന് പറഞ്ഞവരുണ്ടാകാം. പക്ഷേ എനിക്കതില്‍ വിഷമമില്ല. ഒരുകാലത്തും ഞാന്‍ ഒരു ഹീറോയുടെ നായികയല്ലായിരുന്നു. ഞാന്‍ സംവിധായകന്റെ നായികയായിരുന്നു. നായകന് പ്രണയിക്കാന്‍ മാത്രമായി ഒരു നായികാ കഥാപാത്രം ചെയ്തിട്ടില്ല. ഉര്‍വ്വശി പറയുന്നു.

ഒരു സൂപ്പര്‍താരങ്ങളുടെ സിനിമയിലും വെറുതെ വന്നു പോകുന്ന ഒരു നായികാ കഥാപാത്രവും ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രം പ്രാധാന്യമുളളതാകണം. നായിക അല്ലാത്ത സിനിമകളും ഞാന്‍ ചെയ്തിട്ടുണ്ട്. മഴവില്‍ക്കാവടി എന്ന സിനിമയില്‍ ഉര്‍വ്വശി എന്തിനാണ് അഭിനയിച്ചതെന്ന് ആരും ചോദിക്കില്ല. കാരണം നായിക അല്ലാതിരുന്ന ആ സിനിമയിലൂടെയാണ് എനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുളള പുരസ്‌കാരം ലഭിച്ചത്. അഭിമുഖത്തില്‍ ഉര്‍വ്വശി പറഞ്ഞു.

അതേസമയം മലയാളത്തില്‍ കേശു ഈ വീടിന്റെ നാഥനാണ് ഉര്‍വ്വശിയുടെ പുതിയ ചിത്രം. നടി ആദ്യമായി ദിലീപിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. കൂടാതെ തമിഴിലും നടിയുടെ സിനിമകള്‍ വരുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയിലൂടെയാണ് ഉര്‍വ്വശി വീണ്ടും സജീവമായത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ഉര്‍വ്വശിക്ക് ലഭിച്ചിരുന്നു. ഉര്‍വ്വശിക്കൊപ്പം മീരാ ജാസ്മിനും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ഉര്‍വ്വശിക്ക് ലഭിച്ചത്.

Vijayasree Vijayasree :