ട്രെയിനില്‍ വെച്ച് നഷ്ടപ്പെട്ട നാദിര്‍ഷയുടെ ബാഗ് തിരിച്ചേല്‍പ്പിച്ചു; റെയില്‍വേ ഉദ്യോഗസ്ഥനെ ആദരിച്ച് അധികൃതര്‍

സംവിധായകനും നടനുമായ നാദിര്‍ഷയ്ക്ക് ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തി തിരിച്ചേല്‍പിച്ച ടിടിഇ എം.മുരളീധരനെ റെയില്‍വേ അധികൃതര്‍ ആദരിച്ചു. സത്യസന്ധതയും ജോലിയോടുള്ള ആത്മാര്‍ഥതയും കണക്കിലെടുത്താണ് മുരളീധരനെ ആദരിച്ചത്.

കണ്ണൂരില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കോഴിക്കോട് വടകര, മേമുണ്ട സ്വദേശിയാണ്. ഇന്നലെ നടന്ന പ്രതിവാര ഡിവിഷന്‍ തല സുരക്ഷാ യോഗത്തില്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി മുരളീധരനു സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും സമ്മാനിച്ചു.

കഴിഞ്ഞ വ്യാഴം രാവിലെയായിരുന്നു ബാഗ് നഷ്ടപ്പെട്ട സംഭവം. യാത്രക്കാരന്റെ വിലപിടിച്ച വസ്തുക്കളടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന വിവരം ടിടിഐ മുരളീധരനു ലഭിക്കുമ്പോള്‍ മലബാര്‍ എക്‌സ്പ്രസ് കാസര്‍കോട് സ്റ്റേഷന്‍ പിന്നിട്ടിരുന്നു. സമയം പാഴാക്കാതെ സീറ്റ് നമ്പര്‍ തിരക്കി കോച്ചില്‍ ഓടിയെത്തി പരിശോധിച്ചു. സീറ്റിനടിയിലെ ബാഗ് കണ്ടെത്തി. കുമ്പളയില്‍ നിന്നു കയറിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.

സംവിധായകനും നടനുമായ നാദിര്‍ഷായും കുടുംബവും മകളുടെ വിവാഹാവശ്യത്തിനായി കരുതിയ സ്വര്‍ണവും വസ്ത്രങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. മംഗളൂരുവില്‍ വച്ച് ഇവരുടെ ബന്ധുവിനു ബാഗ് കൈമാറി. അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍1 ആര്‍.രഘുരാമന്‍, അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍2 സി.ടി.സക്കീര്‍ ഹുസൈനന്‍, സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സല്‍ മാനേജര്‍ ജെറിന്‍ ജി.ആനന്ദ്, സീനിയര്‍ ഡിവിഷനല്‍ സേഫ്റ്റി ഓഫിസര്‍ സി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Vijayasree Vijayasree :