രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അല്ലെങ്കില്‍ ബാബുക്കുട്ടന്‍ ‘ശശി’ ആയേനേ…

എന്തെങ്കിലും അബദ്ധം സംഭവിച്ചാലോ മണ്ടത്തരം വിളിച്ചു പറഞ്ഞാലോ ‘ശശി’ എന്ന് വിളിച്ച് കളിയാക്കുന്നവരാണ്് മലയാളികള്‍. ഇത്രയും പോപ്പുലറായ ‘ശശി’ എങ്ങനെയാണ് മലയാളികളുടെ നാവിന്‍തുമ്പത്ത് എത്തിയത് എന്നതിനെകുറിച്ച് ആര്‍ക്കും വലിയ പിടി ഉണ്ടാകില്ല. എന്നാല്‍ അതിനു പിന്നിലെ ആള് സാക്ഷാല്‍ സലിം കുമാര്‍ ആണ്. റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ‘ചതിക്കാത്ത ചന്തുവിലെ സലിം കുമാറിന്റെ കോമഡി ഡയലോഗിലാണ് ‘ശശി’ താരമാകുന്നത്.


ഈ ചിത്രത്തിലെ പല കോമഡി രംഗങ്ങളും സ്‌ക്രിപ്റ്റില്‍ എഴുതിച്ചേര്‍ത്തത് അല്ലായിരുന്നെന്നും പല ഡയലോഗുകളും ഡബ്ബിങ് സമയത്ത് കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് സലിം കുമാര്‍ പറയുന്നത്. വലിയൊരു കൊട്ടാരത്തിലെത്തുന്ന സീനില്‍ ‘ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് ‘കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ‘മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാരാജാവ് പേര് ശശി’ എന്ന് താന്‍ പറഞ്ഞ ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നാണ് സലിം കുമാര്‍ പറഞ്ഞത്. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു താനിട്ട പല പേരുകളും വലിയ കുഴപ്പമായിട്ടുണ്ടെന്ന് പറഞ്ഞ് അന്നത്തെ ആ ഡയലോഗിന് പിന്നിലെ കഥ സലിം കുമാര്‍ പറഞ്ഞത്.

‘ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ അങ്ങനെയൊരു ഡയലോഗേ ഇല്ല. ഷൂട്ടിങ് സമയത്ത് ഡയലോഗ് പറയാതെ ആ സമയത്ത് കൈകൊണ്ട് എന്തോ കാണിച്ചങ്ങ് പോവുകയായിരുന്നു. ഡബ്ബ് ചെയ്യുന്ന സമയത്ത് സംവിധായകന്‍ ലാല്‍ ആണ് കൂടെ ഇരുന്നത്. സലീം അവിടെ കൈകൊണ്ട് എന്തോ കാണിച്ച് പോയിട്ടുണ്ട്. എന്തെങ്കിലുമൊരു തമാശ പറഞ്ഞേക്കൂ എന്ന് അദ്ദേഹം പറഞ്ഞു. വെറുതെ, ചിരിക്കാന്‍ വേണ്ടിയല്ല ആ ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ വേണ്ടി എന്തെങ്കിലും പറയാനായിരുന്നു പറഞ്ഞത്.

ആ സമയത്ത് ഹനീഫ ഇക്കയുടെ ഡബ്ബിങ് കഴിഞ്ഞിട്ടില്ല. ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് കൊച്ചിന്‍ ഹനീഫ ചോദിക്കുന്നുണ്ട്. അപ്പോള്‍ ആദ്യം പറഞ്ഞത് ഈ രാജാവിന്റെ പേര് ബാബുക്കുട്ടന്‍ എന്നായിരുന്നു. അത് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയും ചെയ്തു. എന്നാല്‍ ഡബ്ബിങ് ഒക്കെ കഴിഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞു, സലീം ഈ ബാബുക്കുട്ടന്‍ എന്ന പേര് ഒന്നുമാറ്റണം. വേറെ ഏതേലും പേര് കിട്ടുമോ എന്ന് നോക്കൂ, അവസാനം ഒന്നും കിട്ടിയില്ലെങ്കില്‍ നമുക്ക് ബാബുക്കുട്ടന്‍ എന്ന് തന്നെ പേരിടാം. അങ്ങനെയാണ് ഡബ്ബിങ്ങിന്റെ ഒടുവിലായി ‘ഇതാണ് തിരുവിതാംകൂര്‍ മഹാരാജാവ് പേര് ശശി’ എന്ന ഡയലോഗ് ഞാന്‍ പെട്ടെന്ന് കൂട്ടിച്ചേര്‍ത്തത്. ഇത് കേട്ടതോടെ ലാലേട്ടന്‍ ഇതുമതി, ഇതുമതിയെന്ന് പറഞ്ഞ് ഉറപ്പിച്ചു. അല്ലെങ്കില്‍ ഇന്നത്തെ ഈ ശശി ബാബുക്കുട്ടന് ഇരിക്കേണ്ട പേരായിരുന്നു. ബാബുക്കുട്ടന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’. എന്നും സലിം കുമാര്‍ പറയുന്നു.




Noora T Noora T :