വിവാഹത്തിന് മുമ്പ് ചെയ്യാം, വിവാഹ ശേഷം പറ്റില്ല…അത്രയ്ക്ക് വൃത്തികെട്ട കാര്യമാണോ ഇത്? നടിമാര്‍ക്കെതിരെ വിജയരാഘവന്‍

സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില്‍ ഒരാളാണ് വിജയരാഘവന്‍. തന്നിലേക്ക് വരുന്ന ഏതൊരു വേഷവും പകരം വയ്ക്കാനാകാത്ത വിധം അഭിനയിച്ച് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന കലാകാരന്‍. വില്ലന്‍, നായകന്‍. ഹാസ്യതാരം തുടങ്ങി കൈയിലെത്തുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഭദ്രമാണ് ഈ നടനില്‍. സിനിമയില്‍ സജീവമായി തുടരുന്നതിനിടയില്‍ വിവാഹം കഴിയുകയും അതോടെ സിനിമാ ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്ന നടിമാര്‍ക്കെതിരെ വന്നിരിക്കുകയാണ് താരം. ഒരു ചാനല്‍ ടോക് ഷോയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു താരം ഇതേകുറിച്ച് പ്രതികരിച്ചത്.

‘വിവാഹം കഴിഞ്ഞു ഇനി സിനിമ വേണ്ടന്ന് തീരുമാനം സ്വയം എടുക്കുമ്പോള്‍ ഇത്രയും നാളും താന്‍ ചെയ്തത് ഒരു വൃത്തികെട്ട കാര്യമാണോ എന്ന് അവര്‍ സ്വയം ചോദിക്കേണ്ടി വരും. വിവാഹത്തിന് മുന്‍പ് സിനിമയില്‍ നിന്ന് എല്ലാ പ്രശസ്തിയും പ്രതിഫലവും പറ്റിയിട്ടും വിവാഹ ശേഷം സിനിമ മേഖലയെ തള്ളി പറയുന്ന രീതിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കുടുംബമായി കഴിഞ്ഞാല്‍ തിരിച്ചു വരാന്‍ തോന്നാത്ത വൃത്തികെട്ട ഇടമായി സിനിമയെ കാണുന്നത് ഒരിക്കലും നല്ല പ്രവണതയല്ല’. വിജയരാഘവന്‍ പറയുന്നു. വിവാഹം കഴിഞ്ഞു ഒരു നടിമാരും അഭിനയം നിര്‍ത്താതിരിക്കട്ടെ എന്ന സന്ദേശമാണ് ഈ കാര്യത്തില്‍ തനിക്ക് നല്‍കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാല്യകാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്ന താരം തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് അഭിനയലോകത്തേയ്ക്ക് എത്തുന്നത്. എന്‍.എന്‍. പിള്ളയുടെ കാപാലിക എന്ന നാടകം ക്രോസ്‌ബെല്‍റ്റ് മണി സിനിമയാക്കിയപ്പോള്‍ അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. പിന്നീട് 1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ 31ാം വയസില്‍ നായകനായി. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ഈ നടന് കഴിഞ്ഞു.



Noora T Noora T :