സെറ്റിലെത്തിയപ്പോള്‍ ഏറെ പഴികേട്ടത് ആ കാര്യത്തില്‍, കടന്നു പോകുന്നത് പേടിയും ഉത്കണ്ഠയും കലര്‍ന്ന അവസ്ഥയിലൂടെ

ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ ഭാഗത്തിന്റെ വിജയത്തിന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം റിലീസിനെത്തുന്നത്. ചിത്രം റിലീസിന് തയ്യാറെടുക്കുന്ന വേളയില്‍ സന്തോഷവും പേടിയും ആകാംക്ഷയും ഉത്കണ്ഠയുമെല്ലാം കലര്‍ന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്ന് പോകുന്നതെന്ന് പറയുകയാണ് എസ്തര്‍ അനില്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എസ്തര്‍ മനസ്സു തുറന്നത്.

ദൃശ്യം കുടുംബത്തിലേക്ക് തിരിച്ചെത്താനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഒട്ടും പ്രതീക്ഷിക്കാത്ത നല്ല കാര്യങ്ങള്‍ നടക്കുമ്പോഴുള്ള സന്തോഷമാണ് തനിക്കെന്നും എസ്തര്‍ പറയുന്നു. ലോക്ഡൗണില്‍ സമയം വീട്ടിലിരുന്നപ്പോഴാണ് ജീത്തു അങ്കിള്‍ പെട്ടെന്ന് വിളിച്ചിട്ട് നമ്മള്‍ ദൃശ്യം 2 ചെയ്യാന്‍ പോവുകയാണ് എന്ന് പറഞ്ഞത്. അപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോ സിനിമ റിലീസിന് തയ്യാറെടുക്കുകയല്ലേ,അതിന്റെ ചെറിയൊരു പേടിയുമുണ്ട് ഇപ്പോള്‍. വ്യക്തിപരമായി ഓരോരുത്തര്‍ക്കും കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ദൃശ്യം 2-ന്റെ സെറ്റില്‍ വന്നപ്പോള്‍ ഞാന്‍ ഏറ്റവുമധികം കേട്ട പരാതിയാണ് എസ്തര്‍ ഭയങ്കര സൈലന്റായി എന്ന്.

പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ പറ്റി, ഭയങ്കര റിസര്‍വ്ഡ് ആയി എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു. ആ വ്യത്യാസം ഉണ്ട്. പിന്നെ സിനിമയെ കുറച്ച് കൂടി ഗൗരവമായി കാണാന്‍ തുടങ്ങി. അതുപോലെ അനുമോള്‍ എന്ന കഥാപാത്രത്തിനും മാറ്റമുണ്ട്. ദൃശ്യം ഒന്നിലെ കഥാപാത്രമല്ല രണ്ടാം ഭാഗത്തിലെത്തുമ്പോള്‍. ദൃശ്യം രണ്ടിലെ മൂന്ന് സ്ത്രീകള്‍ എന്നാണ് എന്നെയും മീന ആന്റിയെയും ഹന്‍സിബ ചേച്ചിയെയും പ്രമോഷനും മറ്റുമായി എവിടെ പോയാലും അഭിസംബോധന ചെയ്യുന്നത്.

ഒരുപാട് നാള് വീട്ടിലിരുന്നതിന് ശേഷമാണ് ഞങ്ങള്‍ പുറത്തിറങ്ങുന്നത്. കുറേ നാളുകള്‍ക്ക് ശേഷമാണ് ജോലി ചെയ്യുന്നത്. സിനിമയുടെ സെറ്റില്‍ നില്‍ക്കുന്നത് തന്നെ കുറേ നാളുകള്‍ക്ക് ശേഷമാണ്. ഡബ്ബിങ്ങിന്റെ സമയത്ത് ഞാന്‍ ജീത്തു അങ്കിളിനോട് പറഞ്ഞിരുന്നു മൈക്കിന്റെ മുന്നില്‍ സംസാരിക്കുമ്പോള്‍ എനിക്ക് നല്ല ഉത്കണ്ഠയുണ്ടെന്ന്. രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടി വന്നു. അഭിനയിക്കാന്‍ നിന്നപ്പോഴും ഇതേ ആകുലത ഉണ്ടായിരുന്നുവെങ്കിലും കൊറോണ വന്നതോ, ഇത്രയും നാളത്തെ ഗ്യാപ് വന്നതോ ഒന്നും ബാധിച്ചിട്ടേ ഇല്ലായിരുന്നു എല്ലാവരുടെയും പെരുമാറ്റത്തില്‍. അറിയാതെ ട്വിസ്റ്റ് എന്തെങ്കിലും പുറത്ത് വന്നാലോ എന്ന് കരുതി ഞാന്‍ വളരെ കുറച്ചേ സംസാരിക്കാറുള്ളൂ എന്നും എസ്തര്‍ പറയുന്നു.

Vijayasree Vijayasree :