രാഷ്ട്രീയം രക്തത്തിലോടുന്നതാണ്, സീറ്റു നല്‍കുകയാണെങ്കില്‍ പോരാടാനുള്ള മണ്ഡലമാണ് തരേണ്ടത്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍

നിയമസഭാ തിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. തന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. സീറ്റു നല്‍കുകയാണെങ്കില്‍ പോരാടാനുള്ള മണ്ഡലമാണ് തരേണ്ടതെന്നും ധര്‍മജന്‍ അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് കുടുംബമാണ് തന്റേത്. അച്ഛനും ജ്യേഷ്ഠനും കോണ്‍ഗ്രസ് നേതാക്കളായിരുന്നു. സ്‌കൂളിലും കോളജിലും കെഎസ്യു നേതാവായിരുന്നു. സേവാ ദളിന്റെ ദേശീയ ക്യാമ്പില്‍ അടക്കം പങ്കെടുത്തിട്ടുണ്ട്. കണ്ടു വളര്‍ന്ന പാര്‍ട്ടിയും ഇഷ്ടപ്പെട്ട രാഷ്ട്രീയകക്ഷിയും കോണ്‍ഗ്രസാണ് എന്ന് ധര്‍മജന്‍ പറയുന്നു.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് കെ. കരുണാകരന്‍ ആണെന്ന് താരം പറയുന്നു. ലീഡര്‍ ഒരു ഘട്ടത്തില്‍ പാര്‍ട്ടി വിട്ടപ്പോഴും താന്‍ കോണ്‍ഗ്രസ് വിട്ടില്ല. ലീഡര്‍ തിരിച്ചു വരട്ടെ എന്ന് കരുതി കാത്തിരുന്നു. ഇ.കെ നായനാരെയും ഇഷ്ടമാണ്. സീരിയസായി രാഷ്ട്രീയം വീക്ഷിക്കുന്ന ഒരാളാണ്. സീരിയസായി കുടുംബം നോക്കുന്നയാളാണ്. സിനിമ ജീവിതോപാധിയാണ്.

രാഷ്ട്രീയം രക്തത്തിലോടുന്നതാണ്. രണ്ടിനെയും മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്നും ധര്‍മജന്‍ പറഞ്ഞു. വൈപ്പിന്‍ മണ്ഡലത്തില്‍ ധര്‍മജന്‍ മത്സരിക്കും എന്ന വാര്‍ത്തയാണ് ആദ്യം വന്നത്. തുടര്‍ന്ന് കോഴിക്കോട് ബാലുശേരിയില്‍ മത്സരാര്‍ത്ഥി ആകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്നാണ് താരത്തിന്റെ തീരുമാനം.

Vijayasree Vijayasree :