പതിനെട്ട് വര്‍ഷത്തിന് ശേഷം വെള്ളിത്തിരയില്‍ കൈകോര്‍ത്ത് അച്ഛനും മകനും

കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം ഫാസിലും ഫഹദും ഒന്നിക്കുന്ന ‘മലയന്‍ കുഞ്ഞ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിതത്ത്രതിനുണ്ട്.

നവാഗതനായ സജിമോന്‍ ആണ് മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ക്യാമറ നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ഫഹദ് ഫാസില്‍ നായകനായെത്തിയ ആദ്യ സിനിമ കൈയെത്തും ദൂരത്ത് നിര്‍മ്മിച്ചത് ഫാസില്‍ ആണ്. ചിത്രം വിജയിക്കാത്തതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഫഹദ് 2009 ല്‍ കേരള കഫെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.

ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍. കോവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് മലയന്‍ കുഞ്ഞ്. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു. അതേസമയം, മാലിക് ആണ് ഫഹദിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഇരുള്‍, പാട്ട് എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. 

Noora T Noora T :