‘കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ, കര്‍ഷകസമരം വിജയിക്കട്ടെ’; മണികണ്ഠന്‍ ആചാരി

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മണികണ്ഠന്‍ ആചാരി. കുരീപ്പുഴ ശ്രീകുമാറിന്റെ ‘കീഴാളന്‍’ എന്ന പ്രശ്സത കവിത ചൊല്ലിയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

”മണ്ണിനോടൊപ്പം, മണ്ണിന്റെ മക്കളോടൊപ്പം., കര്‍ഷകസമരം വിജയിക്കട്ടെ. കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ” എന്ന് കവിത ചൊല്ലിക്കഴിഞ്ഞ് മണികണ്ഠന്‍ പറഞ്ഞു. മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് മണികണ്ഠന്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്.

നടന്‍ സലീംകുമാറും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് തുടങ്ങിയവരുടെ പ്രതികരണങ്ങള്‍ രാജ്യത്തിനെതിരേ നടക്കുന്ന ഗൂഢാലോചനയുടെ തെളിവാണെന്ന കേന്ദ്ര വാദത്തിനെതിരെയാണ് സലിംകുമാര്‍ പ്രതികരിച്ചത്.

കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശികള്‍ അഭിപ്രായം പറയേണ്ടെന്നും അഭിപ്രായപ്പെടുന്നവരോട് അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ സംഭവം ഓര്‍മ്മിപ്പിച്ചായിരുന്നു സലിംകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അന്ന് പ്രതികരിച്ചവരില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നില്ലേ, അന്ന് ഒരു അമേരിക്കക്കാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരനായി നിന്നാല്‍ മതിയെന്ന് പറഞ്ഞില്ലെന്നും സലിംകുമാര്‍ കുറിച്ചു.

Vijayasree Vijayasree :