മലയാളികളെ കണ്ണീരിലാഴ്ത്തി കൊച്ചിന്‍ ഖനീഫ വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് കൊച്ചിന്‍ ഹനീഫ. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്നേക്ക് 11 വര്‍ഷം കഴിയുന്നു. 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന്‍ ഹനീഫ അന്തരിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്‌കളങ്കമായ പുതിയ അനുഭവങ്ങള്‍ നല്‍കി പ്രേഷകരുടെ മനസ്സിലിടം നേടിയ കൊച്ചിന്‍ ഹനീഫ മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കൊച്ചിന്‍ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ ഹനീഫ ചലച്ചിത്രമേഖലയില്‍ നിറഞ്ഞുനിന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. ഏത് കഥാപാത്രത്തെയും അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ ഖനീഫയ്ക്ക് സാധിച്ചിരുന്നു.

മലയാളത്തില്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ്, പഞ്ചാബി ഹൗസ്, അനിയത്തിപ്രാവ്, മഴത്തുള്ളി കിലുക്കം, സൂത്രധാരന്‍, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളും അഭിനയിച്ച വേഷങ്ങളും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ തന്നെ തങ്ങി നില്‍ക്കുന്നു. തമിഴില്‍ രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, വിക്രം, അജിത്ത്, തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരം കൊച്ചിന്‍ ഹനീഫയ്ക്ക് ലഭിച്ചു. ഇന്നും കൊച്ചിന്‍ ഹനീഫയുടെ സ്ഥാനത്തു മലയാള സിനിമയില്‍ അദ്ദേഹത്തിനു പകരംവെയ്ക്കാന്‍ മറ്റൊരാളില്ല.

Vijayasree Vijayasree :