നടന്‍ ജയ്‌ക്കൊപ്പം തമിഴ് വെബ് സീരിസില്‍ മണികണ്ഠന്‍ ആചാരി

നടന്‍ മണികണ്ഠന്‍ ആചാരി അഭിനയിക്കുന്ന തമിഴ് വെബ് സീരിസ് ‘ട്രിപ്പിള്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുന്ന സീരിസ് കാണണമെന്നും അഭിപ്രായം അറിയിക്കണമെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഡിസംബര്‍ 11ന് ആണ് ട്രിപ്പിള്‍സ് സ്ട്രീമിംഗ് ആരംഭിച്ചത്. ജയ്, സമ്പത്ത്, വിവേക് പ്രസന്ന, രാജ്കുമാര്‍, വാണി ഭോജന്‍, മാധുരി തുടങ്ങിയവര്‍ സീരിസില്‍ അഭിനയിക്കുന്നു. ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന സീരിസ് സ്‌റ്റോണ്‍ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് നിര്‍മ്മിക്കുന്നത്.

തമിഴില്‍ രജനികാന്ത് ചിത്രം പേട്ടയിലും മണികണ്ഠന്‍ ആചാരി വേഷമിട്ടിരുന്നു. 2016ല്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം താരത്തിന് ലഭിച്ചിരുന്നു. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ ചിത്രങ്ങളാണ് മണികണ്ഠന്റെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. റിപ്പര്‍ എന്ന ചിത്രത്തിലാണ് താരം ഇനി വേഷമിടാന്‍ ഒരുങ്ങുന്നത്.

Noora T Noora T :