ഷാരൂഖിന്റെയും മോഹന്‍ലാലിന്റെയും സിനിമകളില്‍ താരമായിരുന്ന മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു; മരണകാരണം ഹൃദയാഘാതം

ഉത്സവ പറമ്പുകളിലെ പ്രൗഡിയായിരുന്ന മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ചരിഞ്ഞത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അറുപത് വയസ്സുള്ള കര്‍ണന് പ്രായാധിക്യത്തിന്റേതാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് വാളയാര്‍ വനത്തില്‍ വെച്ചാണ് സംസ്‌കാരം.

ഉത്സവ പറമ്പുകളില്‍ മാത്രമായിരുന്നില്ല സിനിമകളിലും സജീവ സാന്നിധ്യമായിരുന്നു മംഗലാംകുന്ന് കര്‍ണന്‍. മലയാള സിനിമയില്‍ മാത്രമല്ല അങ്ങ് ബോളിവുഡിലും മംഗലാംകുന്ന് കര്‍ണന്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ നരസിംഹം, കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മണിരത്നം സംവിധാനം ചെയ്ത ദില്‍സെയിലും മംഗലാംകുന്ന് കര്‍ണന്‍ തലപൊക്കത്തോടെ നിന്നു.

കേരളത്തില്‍ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലും കര്‍ണന്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ ചിറക്കല്‍ കാളിദാസനും മാറ്റ് ഒട്ടനവധി ആനകളുമുണ്ടായിരുന്നു. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ താരമായിട്ടുണ്ട്.

1991 ല്ഡ വാരണാസിയില്‍ നിന്ന് കേരളത്തിലെത്തുന്ന കര്‍ണന്‍ തലപ്പൊക്കം കൊണ്ടു തന്നെ പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം വിജയിയായിരുന്നു കര്‍ണന്‍. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്.

Vijayasree Vijayasree :