മഞ്ജു വാര്യര്‍ അല്ലെങ്കില്‍ പാര്‍വതിയാണ് അവരുടെയെല്ലാം മനസ്സില്‍, ഞങ്ങള്‍ക്ക് അവിടെ സ്‌പേസ് ഇല്ല; തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയനടമാരുടെ കൂട്ടത്തിലേയ്ക്ക് ശാന്തി കൃഷ്ണയ്ക്ക് എത്തിച്ചേരാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നടി ഏറെ കാലത്തിന് ശേഷം നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെയാണ് തിരികെ എത്തിയത്. ഈ ചിത്രത്തിന് ശേഷം നിരവധി സിനിമകളില്‍ ശാന്തി കൃഷ്ണ അഭിനയിച്ചു. ഇപ്പോഴിതാ പഴയ കാലത്തെയും ഇപ്പോഴത്തെയും അഭിനയ രംഗത്തെ മത്സരത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ഇവിടെ ഫീമെയില്‍ പ്രാധാന്യമുള്ള സിനിമകള്‍ ചിന്തിക്കുമ്പോള്‍ മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത് എന്നീ നടിമാരുടെ പേരുകള്‍ മാത്രമാണ് സംവിധായകര്‍ക്ക് മുന്നില്‍ വരുന്നത്. തങ്ങളെ പോലെയുള്ളവര്‍ അത്തരം ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കായി കാത്തിരിക്കുകയാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശാന്തി കൃഷ്ണ പറഞ്ഞു. ‘അന്നത്തെ നടിമാര്‍ക്കിടയില്‍ മത്സരം കുറവായിരുന്നു. കാരണം ഓരോരുത്തര്‍ക്കും ഓരോ ഏരിയ ഉണ്ടായിരുന്നു. ഞാന്‍ സജീവമായി നിലനിന്നിരുന്ന കാലത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന നടിയായിരുന്നു അംബിക, ജലജ, ഗീത തുടങ്ങിയവരൊക്കെ. ഒരു സിനിമയില്‍ അല്‍പം മോഡേണ്‍ ഗ്ലാമറസ് കഥാപാത്രമാണ് എങ്കില്‍ അവര്‍ അംബികയെ വിളിക്കും. എനിക്കും ജലജയ്ക്കും കൂടുതല്‍ ദുഃഖ പുത്രി ഇമേജാണ്. ഇതില്‍ രണ്ടിലുംപ്പെടുന്ന ആളാണ് ഗീത, അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ തമ്മില്‍ തമ്മില്‍ ഒരു മത്സരത്തിന്റെ ആവശ്യമില്ലായിരുന്നു. പക്ഷേ ഇന്ന് അതല്ല സ്ഥിതി.

ഒരു നടി ഒരു സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ അവര്‍ ഇതില്‍ നിലനില്‍ക്കണമെന്നില്ല. കാരണം അവരെ മറികടന്നു അടുത്ത നായിക വരും. അത്രത്തോളം മത്സരം അഭിനയരംഗത്ത് ഇന്ന് നില നില്‍ക്കുന്നുണ്ട്. ഇവിടെ ഒരു സ്ത്രീപക്ഷ സിനിമ എന്ന നിലയില്‍ ഒരു സബ്ജക്റ്റ് ചിന്തിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്നത് മഞ്ജു വാര്യരെയാണ് അതുമല്ലെങ്കില്‍ പാര്‍വതി. പക്ഷേ ഞങ്ങളെ പോലെയുള്ളവരുടെ കഥാപാത്രത്തിന് അനുസൃതമായ സ്ത്രീപക്ഷ സിനിമകള്‍ക്ക് സ്പേസ് കുറവാണ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, എന്ന സിനിമ ചെയ്തു കഴിഞ്ഞപ്പോഴും ‘കുട്ടനാടന്‍ മാര്‍പാപ്പ’ ചെയ്തു കഴിഞ്ഞപ്പോഴും ഒരു നടിയെന്ന നിലയില്‍ എന്റെ പ്രകടനത്തെ വ്യത്യസ്തമായ രീതിയില്‍ മാര്‍ക്ക് ചെയ്തു പറയുന്നു എന്നുള്ളത് സന്തോഷകരമായ കാര്യമാണ്’. എന്നും ശാന്തി കൃഷ്ണ പറയുന്നു.

ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല് , സവിധം, കൗരവര്‍, നയം വ്യക്തമാക്കുന്നു, പിന്‍ഗാമി, വിഷ്ണുലോകം, എന്നും നന്മകള്‍, പക്ഷേ എന്നി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ശാന്തി അഭിനയരംഗത്തു തിളങ്ങി നിന്ന സമയത്തായിരുന്നു് നടന്‍ ശ്രീനാഥുമായി പ്രണയത്തിലാവുന്നതും 1984 സെപ്റ്റംബറില്‍ വിവാഹിതയാകുന്നതും. വ്യക്തിപരമായ കാരണങ്ങളാല്‍ സെപ്തംബര്‍ 1995 ല്‍ ഇവര്‍ വിവാഹമോചിതരായി.

Vijayasree Vijayasree :