സാന്ത്വനം പരമ്പരയിലെത്തിയത് ഇങ്ങനെ, വിവാഹം പ്രേക്ഷകരെ അറിയിക്കും; വിശേഷങ്ങള്‍ പങ്കുവെച്ച് ഗോപിക

ബാലതാരമായി സിനിമയിയില്‍ എത്തി ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍. ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയ ഗോപിക ഇന്ന് സാന്ത്വനത്തിലെ ബാലേട്ടന്റെ അനുജത്തിയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗോപിക അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയത്. ഇപ്പോള്‍ ഗോപിക ആയുര്‍വേദ ഡോക്ടറാണ്. തന്റെ മടങ്ങി വരവിനെ കുറിച്ചും ഇടവേളയെടുക്കാനുള്ള കാരണത്തെക്കുറിച്ചും വെളിപ്പെടുത്തുകയാണ് ഗോപിക അനില്‍.

ശിവം എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെയാണ് ഗോപിക ബാലതാരമായി സിനിമയില്‍ എത്തുന്നത്. സഹോദരി കീര്‍ത്തനയ്ക്കാണ് സിനിമയില്‍ ക്ഷണം ലഭിച്ചതെങ്കിലും അത് പിന്നീട് ഗോപികയിലേയ്ക്ക് എത്തുകയായിരുന്നു. സെറ്റില്‍ എത്തിയപ്പോള്‍ അച്ഛനെയല്ലാതെ മറ്റാരേയും അച്ഛാ എന്ന് വിളിക്കില്ലെന്നും പറഞ്ഞ് വാശി പിടിച്ച് കരഞ്ഞതോടെയാണ് ആ അവസരം ഗോപികയിലേയ്ക്ക് എത്തുന്നത്. പിന്നീടാണ് ബാലേട്ടനില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിക്കുന്നത്. അതിന് ശേഷം മയിലാട്ടം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്നു.

കബനി എന്ന പരമ്പരയിലൂടെയായിരുന്നു ഗോപിക മടങ്ങി എത്തിയത്. അപ്പോഴും സഹോദരി കീര്‍ത്തനയ്ക്കായിരുന്നു കബനിയിലേയ്ക്ക് അവസരം ലഭിച്ചത്. ആ സമയത്ത് സീരിയലിന്റെ ടൈറ്റില്‍ റോള്‍ ചെയ്യാന്‍ ആളെ കിട്ടിയിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചുള്ള ചിത്രമായിരുന്നു അയച്ചു കൊടുത്തത്. അങ്ങനെ കണ്ട് ഇഷ്ടപ്പെട്ടാണ് കബനിയിലെ നായിക കഥാപാത്രം ഗോപിക ചെയ്യുന്നത്. അതിന് ശേഷമാണ് സാന്ത്വനത്തിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സൂര്യയാണ് പരമ്പരയുടെ ഓഡിഷനില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചത് എന്നും ഗോപിക പറയുന്നു.

ഒരു കുടുംബത്തില്‍ നടക്കുന്ന കഥയാണ് സാന്ത്വനം. ഇതില്‍ അഭിനയിക്കുന്ന എല്ലാവരും ഒരു കടുംബം പോലെ തന്നെയാണ്. വളരെ നാച്ചുറലായിട്ടാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ വളരെ നാച്ചുറലായി അഭിനയിക്കാന്‍ സാധിക്കുന്നു. ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. കൂടെ അഭിനയിക്കുന്നവര്‍ നന്നായി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നു എന്നും ഗോപിക അഭിമുഖത്തില്‍ പറഞ്ഞു. വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഇപ്പോള്‍ അഭിനയത്തില്‍ സജീവമായി നില്‍ക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. വിവാഹമാകുമ്പോള്‍ പ്രേക്ഷകരെ തീര്‍ച്ചയായും അറിയിക്കുമെന്നും ഗോപിക കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :