കൈനിറയെ ലാഭം, വിജയ്‌യെ നേരില്‍ കണ്ട് നന്ദി പറഞ്ഞ് തെലുങ്ക് വിതരണക്കാര്‍

പത്ത് മാസക്കാലം അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയത് വിജയ് ചിത്രം മാസ്റ്റര്‍ ആയിരുന്നു. വിജയ്ക്ക് കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ആരാധക പിന്തുണ ലക്ഷ്യമിട്ടു തന്നെയാണ് കോവിഡ് തകര്‍ത്ത സിനിമാ വ്യവസായത്തെ കരകയറ്റാന്‍ വിജയ് ചിത്രം മാസ്റ്റര്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ ചിത്രം ഈ സമയത്ത് റിലീസിന് എത്തിയതില്‍ വിജയ്‌യെ നേരില്‍ കണ്ട് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ആന്ധ്ര/തെലങ്കാന വിതരണക്കാര്‍. മഹേഷ് കൊനേരു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

തെലുങ്ക് നിര്‍മ്മാതാവ് കൂടിയായ മഹേഷ് കൊനേരുവിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സിനായിരുന്നു മാസ്റ്ററിന്റെ തെലുങ്ക് വിതരണാവകാശം. 8.50 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ആന്ധ്ര, തെലങ്കാന വിതരണാവകാശം വിറ്റുപോയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആദ്യ ദിനങ്ങളിലെ കളക്ഷന്‍ കൊണ്ടുതന്നെ വിതരണക്കാരെ സംബന്ധിച്ച് ചിത്രം ബ്രേക്ക് ഈവന്‍ ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രത്തിന് ലഭിച്ച ഗ്രോസ് കളക്ഷന്‍.

ഏറ്റവുമൊടുവില്‍ പുറത്തെത്തിയ കണക്കുകള്‍ പ്രകാരം 96.70 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നു മാത്രം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് 14.50 കോടിയും കേരളത്തില്‍ നിന്ന് 10 കോടിയും മാസ്റ്ററിന് ലഭിച്ചിട്ടുണ്ട്. 5 കോടി മാത്രമാണ് ഉത്തരേന്ത്യയില്‍ നേടിയത്. വിതരണക്കാര്‍ക്ക് നഷ്ടം ഒഴിവാക്കണമെങ്കില്‍ അവിടെ 12 കോടിയെങ്കിലും ചിത്രം കളക്ട് ചെയ്യണമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Vijayasree Vijayasree :