കമല്‍ഹസന്റെ ആരോഗ്യനില തൃപ്തികരം; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ശ്രുതി ഹസന്‍

കാലില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ ആശുപത്രി വിടാനാകുമെന്നും അദ്ദേഹത്തിന് പ്രത്യേകിച്ച് പ്രശനങ്ങള്‍ ഒന്നുമില്ലെന്നും മകള്‍ ശ്രുതി ഹാസന്‍ അറിയിച്ചു.

ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ അപകടത്തെ തുടര്‍ന്ന് വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തിരക്ക് കാരണം വൈകി. ഇപ്പോള്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നത്.

കമല്‍ ഹാസന്റെ നേതൃത്വത്തില്‍ ‘മക്കള്‍ നീതി മയ്യം’ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ആദ്യ ഘട്ട തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കിയാണ് കമല്‍ ശസ്ത്രക്രിയയ്ക്ക് പോയത്. ‘അച്ഛന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി്!’എന്നും ശ്രുതി ഹാസന്‍ ട്വീറ്ററില്‍ കുറിച്ചു.

”ഡോക്ടര്‍മാരും ജീവനക്കാരും മികച്ച പരിചരണമാണ് അദ്ദേഹത്തിന് നല്‍കുന്നത്. വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ആത്മവിശ്വാസത്തിലുമാണ് അദ്ദേഹം. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങിയതിന് ശേഷം കുറച്ചുനാളത്തെ വിശ്രമം ആവശ്യമാണ്. അതിനു ശേഷം മാത്രമേ പതിവുപോലെ ജനങ്ങളുമായി ഇടപെടഴകാനാകൂ എന്നും ശ്രുതി പറഞ്ഞു.

newsdesk :