ഉപ്പും മുളകും നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തിരിച്ചെത്തി ബാലുവും നീലുവും; പക്ഷെ ചെറിയൊരു ‘ട്വിസ്റ്റ്’ ഉണ്ട്

വളരെ കുറച്ചു കാലം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലേയ്ക്ക് ഇടം പിടിച്ച പരമ്പരയാണ് ഉപ്പും മുളകും. തനതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ പരമ്പരയ്ക്കും താരങ്ങള്‍ക്കും ആയി. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ സജീവമായി മാറിയ ചര്‍ച്ചയായിരുന്നു ഉപ്പും മുളകിലെ നീലുവും ബാലുവും പിള്ളേരും എവിടെ പോയി എന്നത്. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെയും പെട്ടെന്നുള്ള ബ്രേക്ക് പല പ്രേക്ഷകര്‍ക്കും അംഗീകരിക്കാന്‍ ആകുന്നുണ്ടായിരുന്നില്ല. ഇത് സോഷ്യല്‍ മീഡിയ കമന്റുകളില്‍ ആരാധകര്‍ ഇക്കാര്യം ആവര്‍ത്തിച്ച് പ്രകടമാക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ ഉപ്പും മുളകും നിര്‍ത്തിവെക്കാനുള്ള കാരണങ്ങളായി പ്രേക്ഷകര്‍ പലവിധ കാരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവും നീലുവും ഇവരുടെ യൂട്യൂബ് ചാനലായ കസ് കസിന്റെ വെബ് സീരീസായ പപ്പനും പദ്മിനിയുമിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തിയിരിക്കുന്നത്.

രണ്ടു പേരെയും കാണാനായ സന്തോഷത്തിലാണ് ആരാധകര്‍. ഈ സീരീസിന്റെ പുതിയ എപ്പിസോഡ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. കൃത്യസമയത്ത് തന്നെ സീരീസിന്റെ രണ്ടാം ഭാഗം പുറത്ത് വിട്ടതോടെ എല്ലാ ഉപ്പും മുളകും പ്രേക്ഷകരും പപ്പനെയും പദ്മിനിയെയും കാണാനെത്തിയിരിക്കുകയാണ്. ഒരു സീരിയലിലെയും അഭിനേതാക്കള്‍ക്ക് കിട്ടാത്ത തരത്തിലുള്ള സ്വീകാര്യതയാണ് ഉപ്പുമുളകിലെയും ബാലുവിനും നീലുവിനും ചുരുങ്ങിയ കാലം കൊണ്ട് ലഭിച്ചത്. ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനവും നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗും പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയ താര ജോഡികള്‍ ആയി മാറിയത്. ഈ ഇഷ്ടം തന്നെയാണ് ഇവരുടെ പുതിയ വെബ് സീരീസിനും ലഭിക്കുന്നത്. ആന്റണി സോണി സംവിധാനം ചെയ്യുന്ന പപ്പനും പദ്മിനിയും സീരീസില്‍ ബിജു സോപാനത്തിനും നിഷ സാരംഗിനും പുറമേ കുമാര്‍ സേതു, സഞ്ജയ് ഹരി, കൃപാന്ത് മാധവ് എന്നിവരാണ് അഭിനയിക്കുന്നത്. സാജന്‍ കെ റാമിന്റേതാണ് സംഗീതം. ഭാഗീഷ് മെയിന്‍ ഫ്രെയിമാണ് ചിത്രസംയോജകന്‍.

ഉപ്പും മുളകും അപ്രത്യക്ഷമായതോടെ നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ചാനലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വരുന്നത് വരെ ചോദ്യങ്ങളുന്നയിക്കണമെന്നായിരുന്നു ആരാധകര്‍ ആഹ്വാനം ചെയ്തത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ചകള്‍. ഇതിന് പിന്നാലെ ഇതേക്കുറിച്ച് പറഞ്ഞ് ശ്രീകണ്ഠന്‍ നായരും എത്തിയിരുന്നു. 24 ന്യൂസിന്റെ മോണിങ് ഷോയ്ക്കിടയിലായിരുന്നു അദ്ദേഹം ഉപ്പും മുളകിനെക്കുറിച്ച് പ്രതികരിച്ചത്. ചാനലിന്റെ പ്രസ്‌റ്റേജ്യസ് പരിപാടിയാണ് ഉപ്പും മുളകുമെന്നും, അടുത്തൊന്നും അത് നിര്‍ത്തില്ലെന്നുമായിരുന്നു മുന്‍പ് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്. 3000ലധികം എപ്പിസോഡുകള്‍ പോയ പരിപാടിയാണ്. ഇപ്പോ എല്ലാവര്‍ക്കുമൊരു വിരസത വന്നിരിക്കുന്നു. അതിനാല്‍ ബ്രേക്കിലാണ്. കുറച്ച് കഴിഞ്ഞ് തിരികെ വരും. പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വിരസത വന്നിരിക്കുന്നു. അപ്പോള്‍ ഇടവേളയെടുക്കും എന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതെല്ലാം പുതുതായി സംപ്രേക്ഷണം ആരംഭിച്ച ചക്കപ്പഴത്തിന്റെ പൊമോഷന് വേണ്ടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഏതെങ്കിലും വിശേഷപ്പെട്ട ദിവസങ്ങള്‍ വന്നാല്‍ അന്ന് ഉപ്പും മുളകും എപ്പിസോഡ് ഉണ്ടാവില്ല .പകരം ചക്കപ്പഴത്തിനു ആവശ്യത്തിലേറെ പ്രൊമോഷനും. കഴിഞ്ഞ ക്രിസ്തുമസ് സമയത് പോലും ഒരു എപ്പിസോഡ് ഇറക്കാന്‍ അനുവദിച്ചിട്ടില്ല. ഈ മെയിന്‍ കാസ്റ്റ് നെ മാത്രം തന്നെ വെച്ചു എത്ര നാള്‍ കഥ എഴുതാന്‍ പറ്റും. അങ്ങനെ വരുമ്പോള്‍ കഥയില്‍ വിരസത തോന്നാം.എന്നാല്‍ ഇവിടെ മനപൂര്‍വം അങ്ങനൊരു സാഹചര്യം സൃഷ്ടിച്ചെടുത്തതാണ് .എന്നിട്ട് ഇപ്പോള്‍ ആര്ടിസ്‌റ്‌ന് വിരസത കാണികള്‍ക്ക് വിരസത, ചാനലിന് വിരസതയെന്ന് പറയുന്നതില്‍ എന്താണ് കാര്യമെന്നും ആരാധകര്‍ ചോദിച്ചിരുന്നു.

newsdesk :