നീളക്കൂടുതല്‍ കാരണമല്ല പഞ്ചാബി ഹൗസില്‍ നിന്നും ആ സീന്‍ കട്ട് ചെയ്തത്; കാരണം മറ്റൊന്ന്! വെളിപ്പെടുത്തലുമായി റാഫി

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളികള്‍ മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് പഞ്ചാബി ഹൗസ്. പ്രേക്ഷകരെ ഇപ്പോഴും കുടുകുടാ ചിരിപ്പിക്കുന്ന ചിത്രത്തില്‍ നിന്നും വളരെ രസകരമായ രംഗം കട്ട് ചെയ്‌തെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ റാഫി. സിനിമയുടെ നീളക്കൂടുതല്‍ മൂലമല്ല അത് കളഞ്ഞതെന്നും അതിന് പിന്നില്‍ മറ്റൊരു കാര്യമുണ്ടെന്നുമാണ് റാഫി പറയുന്നത്.

ഗംഗാധരന്‍ മുതലാളിയായി കൊച്ചിന്‍ ഹനീഫയെയും, രമണനായി ഹരീശ്രീ അശോകനെയുമല്ലാതെ മറ്റൊരാളെ ആ കഥാപാത്രങ്ങളിലേക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ലെന്നതാണ് അവര്‍ ചെയ്തു വെച്ചതിന്റെ ഏറ്റവും വലിയ വിജയം. ഹ്യൂമറിനപ്പുറം ഇമോഷണല്‍ ടച്ചിന്റെ സാധ്യതയുള്ള ഒരു കഥാപാത്രമായിരുന്നു ഹരിശ്രീ അശോകന്റെ രമണന്‍. ഹരിശ്രീ അശോകന്‍ അസാധ്യമായി പെര്‍ഫോം ചെയ്ത ഒരു സീന്‍ ഞങ്ങള്‍ അതില്‍ നിന്നു എടുത്തു കളഞ്ഞു.

സിനിമയുടെ നീളം കൂടുതല്‍ ആയതിനാല്‍ ഇമോഷണല്‍ സീനൊക്കെ എടുത്ത് കളയുമെന്ന് ഞങ്ങള്‍ ഹരിശ്രീ അശോകനോട് നേരത്തെ പറഞ്ഞിരുന്നു. അത് കൊണ്ട് അശോകന്‍ ഇടയ്ക്കിടെ അതിനെക്കുറിച്ച് വിളിച്ച് ചോദിക്കും ഒടുവില്‍ ആ സീന്‍ കട്ട് ചെയ്തു കളഞ്ഞു എന്നറിഞ്ഞപ്പോള്‍ അശോകന്‍ വല്ലാതെ വികാരധീനനായി.

സത്യത്തില്‍ സിനിമയുടെ നീളക്കൂടുതല്‍ കാരണമല്ല അത് കളഞ്ഞത്. അങ്ങനെയൊരു സെന്റി സീന്‍ രമണന്റെ ഭാഗത്തു നിന്നു വന്നാല്‍ പിന്നീട് രമണന്‍ പറയുന്ന നര്‍മം പ്രേക്ഷകരില്‍ ഏല്‍ക്കുമോ എന്ന ഒരു ഭയമായിരുന്നു അത്തരം രംഗം കളയാനുള്ള കാരണമായത്’. സംവിധായകന്‍ റാഫി പറയുന്നു.

about panjabi house

Noora T Noora T :