ഒരുമിച്ചെത്തി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നയന്‍താരയും വിഘ്‌നേശ് ശിവനും; എല്ലാവരും വാക്‌സിനെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് താരങ്ങള്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍ ഒപ്പം ഉണ്ടായിരുന്നു.

ചെന്നൈയിലെ കുമരന്‍ ആശുപത്രിയില്‍ നിന്നാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്‌സിന്‍ എടുക്കമെന്നും ജാഗ്രതയോടെ കൊറോണയ്‌ക്കെതിരെ പോരാടണമെന്നും വിഘ്‌നേശ് ശിവന്‍ പറഞ്ഞു.

രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയന്‍താരയുടെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, സമാന്ത, നയന്‍താര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണവും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.

സത്യന്‍ അന്തിക്കാട്-ജയറാം കൂട്ടുകെട്ടില്‍ പിറന്ന ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയ ലോകത്തിലേയ്ക്ക് എത്തുന്നത്. ഇന്ന് തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് നയന്‍സ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നയന്‍സ് കാമുകന്‍ വിഘ്‌നേശിനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. നയന്‍സിന്റെ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലണ് ആരാധകര്‍.

ഇക്കഴിഞ്ഞ വിഷു ദിനത്തില്‍ സെറ്റ് സാരിയില്‍ അതിമനോഹരിയായ നയന്‍സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കൊച്ചിയിലെ തന്റെ ഫ്ളാറ്റിലായിരുന്നു നയന്‍താരയുടെ വിഷു ആഘോഷം. പതിവില്‍ നിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങളായിരുന്നു നയന്‍താര പോസ്റ്റ് ചെയ്തിരുന്നത്.

വിഘ്‌നേഷും നയന്‍താരയും തമ്മിലുളള വിവാഹത്തിനായി സിനിമാ ലോകവും ആരാധകരും ഏറെ നാളായി കാത്തിരിക്കുകയാണ്.’ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്.

മൂന്ന് മാസം കൂടുമ്ബോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്.

ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം എന്നാണ് വിഘ്‌നേശ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍തായ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു നിഴല്‍.

Vijayasree Vijayasree :