ഹേമമാലിനി കാരണം ആദ്യരാത്രി കുളമായി, പുലര്‍ച്ചെ രണ്ടരയ്ക്ക് എത്തിയപ്പോള്‍ കണ്ട കാഴ്ച കണ്ണു നിറച്ചു

ഏറെ ആരാധകരുള്ള, ഏവരുടെയും സ്വന്തം കിംഗ് ഖാന്‍ ആണ് ഷാരുഖ് ഖാന്‍. ഷാരൂഖ് ഖാനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും ഒപ്പമുണ്ടാകും. 1988 ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഗൗരിയും ഷാരൂഖും ഇപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുകയാണ്.

പലപ്പോഴായി ഇരുവരുടേയും പ്രണയകഥയും വിവാഹ വിശേഷങ്ങളും എല്ലാം എല്ലാവരും കേട്ടിട്ടുണ്ടാകും. പല അഭിമുഖങ്ങളിലും ഇരുവരും വാതോരാതെ തങ്ങളുടെ പ്രണയത്തെ കുറിച്ച് വാചാലരായിട്ടുണ്ട്. ഡല്‍ഹിക്കാരനായ ഷാരൂഖ് മുംബൈയില്‍ വച്ച് 1991 ഒക്ടോബര്‍ 25ന് ഗൗരിയെ വിവാഹം കഴിക്കുകയായിരുന്നു.

സ്‌ക്രീനിലെ കിംഗ് ഓഫ് റൊമാന്‍സ് ജീവിതത്തിലും കിംഗ് ഓഫ് റൊമാന്‍സ് തന്നെയാണ്. തങ്ങളുടെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളേയും താഴ്ചകളേയും ഒരുമിച്ച് നേരിട്ടാണ് ഷാരൂഖും ഗൗരിയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. എന്നാല്‍ ഇരുവരുടേയും പ്രണയകഥയില്‍ ആര്‍ക്കുമറിയാത്തൊരു കഥയുണ്ട്.

ഹേമ മാലിനി കാരണം ഷാരൂഖിന്റേയും ഗൗരിയുടേയും വിവാഹ രാത്രി ഏതാണ്ട് കലങ്ങി മറിഞ്ഞതാണ്. ഷാരൂഖിന്റെയും ഗൗരിയുടെയും ജീവിതത്തില്‍ ആ സംഭവം മറക്കാനും ഇടയില്ല. ഷാരൂഖ് കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹം ദില്‍ ആഷാ ഹേ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു.

ഹേമ മാലിനിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു ഈ ചിത്രം. ഷാരൂഖ് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ ആ സിനിമ വളരെ പ്രധാനപ്പെട്ടതായിരുന്നു.

വിവാഹ ദിവസം ഷാരൂഖിനെ ഹേമ മാലിനി വിളിക്കുകയും തന്നെ കാണണമെങ്കില്‍ ഷൂട്ടിംഗ് സെറ്റിലേക്ക് വരാന്‍ പറയുകയായിരുന്നു. ഇതോടെ തന്റെ വധുവിനേയും കൂട്ടി ഷാരൂഖ് ലൊക്കേഷനില്‍ എത്തുകയായിരുന്നു. ഷാരൂഖും ഗൗരിയും എത്തുമ്പോള്‍ ഹേമ മാലിനി സെറ്റിലുണ്ടായിരുന്നില്ല. ഉടനെ എത്തുമെന്ന് പറഞ്ഞത് പ്രകാരം ഇരുവരും കാത്തിരുന്നു.

രാത്രി പതിനൊന്ന് മണിക്ക് ഗൗരിയെ മേക്കപ്പ് റൂമിലിരുത്തി ഷാരൂഖ് ഷൂട്ടിംഗിലേക്ക് കടന്നു. ഷൂട്ടിംഗ് പുലര്‍ച്ചെ രണ്ട് മണി വരെയായിരുന്നു നീണ്ടു പോയത്. ഷാരൂഖ് തിരികെ വരുമ്പോള്‍ കണ്ടത് മേക്കപ്പ് റൂമിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ഗൗരിയെയാണ്.

കല്യാണ വേഷത്തിലിരുന്നായിരുന്നു ഗൗരി ഉറങ്ങിയിരുന്നത്. ഷാരൂഖിന്റെ കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച. തങ്ങളുടെ ആദ്യ രാത്രി അങ്ങനെ കുളമായത് ഷാരൂഖും ഗൗരിയും ഒരിക്കലും മറക്കില്ലെന്നുറപ്പാണ്. കാലം പിന്നിട്ടപ്പോള്‍ ഷാരൂഖ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി മാറിയപ്പോള്‍ നിര്‍മാതാവായി കൂടെ തന്നെ ഗൗരിയുമുണ്ട്.

ഇരുവരും പലപ്പോഴും വേദികളില്‍ ഒരിമിച്ച് വരാറുണ്ട്. പരസ്യമായി തന്നെ തന്റെ പ്രിയതമയോടുള്ള പ്രണയം അദ്ദേഹം തുറന്നു കാണിക്കാറുമുണ്ട്. അതേസമയം കരിയറില്‍ തിരികെ വരാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. 2018ല്‍ പുറത്തിറങ്ങിയ സീറോ വന്‍ പരാജയമായതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ഇടവേള അവസാനിപ്പിച്ച് പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. പഠാന്‍ ആണ് പുതിയ സിനിമ. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്റെ സിംഹാസനം തിരികെ നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

വളരെ പൊസസീവായ കാമുകനായിരുന്നു ഷാരൂഖ് ഖാന്‍ എന്ന് പല അഭിമുഖങ്ങളിലും അവര്‍ പറഞ്ഞിട്ടുണ്ട്. പ്രണയത്തിലായിരുന്ന സമയത്ത് ഗൗരിയെ പാവാടയും ടി ഷര്‍ട്ടും ധരിക്കാന്‍ ഷാരുഖ് അനുവദിച്ചിരുന്നില്ല. കൂടാതെ തലമുടി അഴിച്ചിടുന്നതും താരത്തിന് ഇഷ്ടമല്ലായിരുന്നു.

ആ ലുക്കില്‍ ഗൗരിയെ കാണാന്‍ നല്ല ഭംഗിയായിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്‍പ് അനുവദിച്ചിരുന്നില്ല. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വിവാഹിതരായതോടെ ഇനി ഇത്തരത്തില്‍ പെരുമാറില്ലെന്ന് ഗൗരിക്ക് വാക്ക് നല്‍കുകയും ചെയ്തുവെന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Vijayasree Vijayasree :