സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ, എപ്പോള്‍ നടത്തണമെന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ധാരണയുണ്ട്, ഉപദേശകര്‍, തല്‍ക്കാലം സ്റ്റാന്‍ഡ് വിട്

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ കോവിഡ് കാലത്ത് ലളിതമായി നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്നും നേരത്തെ ക്ഷണിച്ച 800 പേര്‍ക്ക് ഇരിപ്പടം ഒരുക്കി എന്നെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥനകള്‍ എത്തിയത്.

എന്നാല്‍ ഇപ്പോഴിതാ എങ്ങനെ, എപ്പോള്‍ നടത്തണമെന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ടെന്ന് സംവിധായകന്‍ എം.എ നിഷാദ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എം.എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഉപദേശകരോടാണ്.. സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ, എപ്പോള്‍ നടത്തണമെന്നൊക്കെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ട്.. ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ക്ക് വിഷമിളകുമെന്ന് കേട്ടിട്ടുണ്ട്…

അങ്ങനെ ചില ഉപദേശകര്‍ മുഖപുസ്തകത്തില്‍ കൈയ്യടി കിട്ടാന്‍, എന്തൊക്കെയോ എഴുതി മറിക്കുന്നു… ഒരേ സമയം യുഡിഎഫിന് കീ ജയും, എല്‍ഡിഎഫിന് ഉപദേശവും നല്‍കുന്ന എട്ടുകാലീ മമ്മൂഞ്ഞുമാരായ ചില സെലിബ്രിറ്റികളേയും ആ കൂട്ടത്തില്‍ കാണുന്നത്, ഒരു പ്രത്യേക സുഖം നല്‍കുന്ന കാഴ്ച്ചയാണ്…

നിലപാട് എന്നുളളത് ഏഴയലത്ത് പോലും എത്തി നോക്കാത്ത ഈ കൂട്ടരുടെ തൊലിക്കട്ടി.. ഹമ്പമ്പോ… കാണ്ട മൃഗവും നാണിച്ചു പോകും… ഇത്രയും വലിയ ഭൂരിപക്ഷം എല്‍ ഡി എഫിന് കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത, ഉപദേശകര്‍, തല്‍ക്കാലം സ്റ്റാന്‍ഡ് വിട്.

Vijayasree Vijayasree :