നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയങ്ക. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്.
മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല, നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായി പരാതിയില്‍ പറയുന്നു.
പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടു. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഉണ്ണി രാജന്‍ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാവിലെ പത്ത് മണിയ്ക്കും രണ്ട് മണിയ്ക്കും ഇടയിലാണ് പ്രിയങ്കയുടെ മരണമെന്നാണ് പോലീസ് പറയുന്നത്. ബെഡ്‌റൂമിലെ സീലിംങ്ങ് ക്ലാമ്പില്‍ കയര്‍ ഉപയോഗിച്ചാണ് പ്രിയങ്ക ജീവന്‍ അവസാനിപ്പിച്ചത്. സംഭവം കണ്ട ഉടന്‍ തന്നെ സഹോദരനും അയല്‍വാസിയും ചേര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രിയങ്കയുടെ സഹോദരനാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിച്ചതിന്റെ വീഡിയോ ഇവര്‍ പുറത്ത് വിട്ടു. അതില്‍ പ്രിയങ്കയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല, ഉണ്ണി നിരന്തരം കഞ്ചാവ് വലിക്കുമെന്നും അത് അധികമാകുമ്പോള്‍ ആണ് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം നടക്കുന്നതെന്നും സഹോദരന്‍ പറയുന്നു.
2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം. ആഘോഷമായി നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി അഭിനയ ലോകത്തിലേയ്ക്ക് വരുന്നത്.
തുടര്‍ന്ന് ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയില്‍ സജീവമായത്. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തുണ്ട്.
വില്ലനായി എത്തി സ്വഭാവനടനായും കോമഡി കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് രാജന്‍ പി ദേവ്. 1983ല്‍ പുറത്തിറങ്ങിയ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യായിരുന്നു രാജന്‍ പി.ദേവിന്റെ അരങ്ങേറ്റ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ ഇന്ദ്രജാലത്തിലൂടെ രാജന്‍ പി.ദേവ് തന്റേതായ ഒരു ഇരിപ്പിടം മലയാള സിനിമയില്‍ സ്വന്തമാക്കി. പിന്നീട് 150 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
വില്ലനായും ഹാസ്യതാരമായും മലയാള സിനിമയ്ക്ക് ഓര്‍ത്തിരിക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചു. ക്രൂരനായ വില്ലനും സ്‌നേഹനിധിയായ അപ്പനും നിഷ്‌കളങ്കനായ ഹാസ്യതാരവും രാജന്‍ പി.ദേവിന്റെ കയ്യില്‍ ഭദ്രമായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ‘സ്ഫടിക’വും മമ്മൂട്ടിക്കൊപ്പമുള്ള ‘തൊമ്മനും മക്കളും’ രാജന്‍ പി.ദേവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ്.
മലയാളത്തിനുപുറമെ തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ 18ഉം തമിഴില്‍ 32 കന്നഡയില്‍ 5ഉം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയത്തിനുപുറമെ അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
150ലേറെ ചിത്രങ്ങളില്‍ ചിത്രങ്ങളില്‍ അഭിനയിച്ച രാജന്‍ പി.ദേവ് അവസാനമായി അഭിനയിച്ചത് മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിനെത്തിയ ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലാണ്. പ്രമേഹം, കരള്‍ രോഗം എന്നിവയെതുടര്‍ന്ന് 2009 ജൂലൈ 29ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.