പ്രസവമെടുക്കാന്‍ സമയം വൈകിയതായിരുന്നു എന്റെ കുഞ്ഞിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്, ഭാര്യഭര്‍തൃ ബന്ധമില്ലെങ്കിലും സുഹൃത്തുക്കളാണെന്ന് സബീറ്റ ജോര്‍ജ്

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഒരു ഓളം സൃഷ്ടിച്ച പരമ്പരയാണ് ചക്കപ്പഴം. സീരിയല്‍ പോല തെന്നെ അതിലെ ഓരോ കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ചക്കപ്പഴത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് സബീറ്റ ജോര്‍ജ്.

അമ്മയായും അമ്മായിഅമ്മയായും അമ്മൂമ്മയായും സബീറ്റ പ്രേക്ഷകരുടെ മുന്നില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ തന്നെക്കാളും പ്രായം കൂടുതലുള്ള വേഷമാണെങ്കിലും താന്‍ അതില്‍ സംതൃപ്തയാണെന്ന് പറയുകയാണ് നടി. ഒപ്പം തന്റെ കുടുംബ ജീവിതത്തെ കുറിച്ചും അഭിനയത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സബീറ്റ പറയുന്നു.

മെഡിക്കല്‍ സ്‌കൂളില്‍ പോയി നഴ്സിങ് പഠിച്ചത് മകന് വേണ്ടിയായിരുന്നു. മകന്‍ ജനിച്ച സമയത്തുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് അവന്റെ ജീവിതം വീല്‍ചെയറിലായിരുന്നു. പ്രസവമെടുക്കാന്‍ സമയം വൈകിയതായിരുന്നു എന്റെ കുഞ്ഞിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്.

ആ സമയത്ത് അവന് തലച്ചോറില്‍ ആഘാതമുണ്ടായി. ശാരീരികമായും മാനസികവുമായ വളര്‍ച്ചയെ ബാധിച്ചു. നാല് വര്‍ഷം മുന്നേ അവന്‍ ഞങ്ങളെ വിട്ട് പോയി. ആ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നും ആ വേദന മാറിയിട്ടില്ല.

മാക്സ് വെല്‍ എന്നായിരുന്നു അവന്റെ പേര്. ഒരു മകള്‍ കൂടി എനിക്കുണ്ട്. സാക്ഷ, ആറാം ക്ലാസില്‍ പഠിക്കുന്നു. അവള്‍ അവളുടെ അച്ഛനൊപ്പം അമേരിക്കയിലാണ്. ഭാര്യഭര്‍തൃ ബന്ധമില്ലെങ്കിലും ഞാനും മോളുടെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. മകളുടെ സംരക്ഷണത്തിന് ഞങ്ങള്‍ രണ്ട് പേരും ഒരുപോലെ സമയം ചെലവഴിക്കുന്നുണ്ട്. അച്ഛനും അമ്മയും സഹോദരനും അവന്റെ ഭാര്യയും അവരുടെ മക്കളും അടങ്ങുന്നതാണ് നാട്ടിലെ എന്റെ കുടുംബം. പാലയിലാണ് വീട്.

ചെറുപ്പം മുതലേ പാട്ട് കൂടെയുണ്ട്. പാട്ട് ആസ്വദിച്ച് പാടുമ്പോഴെല്ലാം മനസില്‍ അഭിനയിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയവും മനസിലേക്ക് കടന്ന് വരുന്നതെന്ന് തോന്നുന്നു. പാടുന്ന സമയത്ത് നമ്മളറിയാതെ തന്നെ നമ്മുടെ മുഖത്ത് പല ഭാവങ്ങള്‍ വിരിയും.

പക്ഷേ ഇത്രയും പേരുടെ മുന്നില്‍ നിന്ന് അഭിനയിക്കുന്നതൊക്കെ കുറച്ച് പേടിയുള്ള കാര്യമായിരുന്നു. നന്നായി പഠിക്കണം, ജോലി വാങ്ങണം എന്നാതായിരുന്നു ചിന്തു. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയി. അധികം വൈകാതെ മക്കളൊക്കെയായി. ജീവിതം ആകെ തിരക്കിലുമായി.

അവിടെ ആയിരുന്ന സമയത്ത് ഇടയ്ക്കെല്ലാം മേക്കിംഗ് വീഡിയോകളൊക്കെ കാണുമായിരുന്നു. അങ്ങനെയാണ് അഭിനയം ഇങ്ങനെയാണെന്ന് മനസിലാക്കി തുടങ്ങിയത്. മകന്‍ മരിച്ചതോടെ വല്ലാത്തൊരു അവസ്ഥയിലായി.

മകള്‍ വളര്‍ന്ന് അവളുടെ അച്ഛനോടൊപ്പം നില്‍ക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് തോന്നിയതോടെ അവളുടെ സമ്മതത്തോടെയാണ് ഞാന്‍ നാട്ടിലേക്ക് വന്നത്. ഇന്നിപ്പോള്‍ ഞാന്‍ അഭിനയിക്കുന്നതിലും എന്റെ പഴയ സ്വപ്നം കൈയെത്തി പിടിക്കാന്‍ കഴിഞ്ഞതിലും അവള്‍ ഹാപ്പിയാണ്. ചെറിയ പരസ്യങ്ങളിലൂടെയാണ് ഈ രംഗത്തേക്ക് കടന്ന് വന്നത്.

ഇപ്പോള്‍ ചക്കപ്പഴത്തിലെത്തി നില്‍ക്കുന്നു. അഭിനയം പോളിഷ് ചെയ്തെടുക്കാന്‍ പറ്റിയ ഒരിടത്തേക്ക് വന്നത് വലിയ സന്തോഷമായി. ഒരു സഹപ്രവര്‍ത്തകന്‍ വഴിയാണ് ചക്കപ്പഴത്തിലേക്കുള്ള അവസരം ലഭിച്ചത്. ഉപ്പും മുളകും പോലെയുള്ള പരിപാടിയാണെന്ന് പറഞ്ഞു.

പക്ഷേ മക്കളും കൊച്ചുമക്കളും അടങ്ങുന്ന കഥാപാത്രമാണ്, കുറച്ച് പ്രായക്കൂടുതലുള്ള കഥപാത്രമാണെന്നും പറഞ്ഞു. താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. സത്യത്തില്‍ എനിക്ക് പ്രായവും അപ്പിയറന്‍സുമൊന്നും പ്രശ്നമായിരുന്നില്ല. സമ്മതം അറിയിച്ചതോടെ അധികം വൈകാതെ ഷൂട്ടും തുടങ്ങി. എല്ലാം വളരെ പെട്ടെന്ന് ആയിരുന്നുവെന്ന് പറയാം.

ചക്കപ്പഴത്തിലെ ലളിതയെ പോലെ യഥാര്‍ഥ ജീവിതത്തില്‍ ഞാനും കൂളാണ്. എന്ത് സംഭവിച്ചാലും ആ സമയത്ത് നേരിടാമെന്ന ചിന്താഗതിക്കാരിയാണ്. പഴയക്കാലത്തേക്ക് തിരിഞ്ഞ് നോക്കിയാല്‍ അന്നൊന്നും ജീവിതത്തെ ഇത്രയധികം ധൈര്യത്തോടെ നേരിടാനുള്ള കഴിവുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ഓരോ വര്‍ഷം പിന്നിടുമ്പോഴും ജീവിതം നമ്മെ പഠിപ്പിക്കുന്ന കുറേ കാര്യങ്ങളുണ്ട്. അങ്ങനെ കൂളായതാണ് ഇപ്പോഴെന്ന് പറയാം.

ബഹളവും ചിരിയുമൊക്കെയാണ് എന്റെ ഹൈലൈറ്റ്. പെട്ടെന്നൊന്നും ദേഷ്യം വരാറില്ല. എല്ലാവരോടും വളരെ നന്നായി പെരുമാറാന്‍ ശ്രദ്ധിക്കും. നമ്മള്‍ എങ്ങനെ പെരുമാറുന്നോ അങ്ങനെയേ തിരിച്ച് മറ്റുള്ളവരും നമ്മളോട് പെരുമാറാന്‍ ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ പെരുമാറ്റത്തില്‍ ഞാന്‍ ഏറെ ശ്രദ്ധ പുലര്‍ത്താറുണ്ടെന്നും സബീറ്റ പറയുന്നു.

Vijayasree Vijayasree :