ശ്രീജിത്തിന്റെ പണി പോയാല്‍ നല്ല പണികിട്ടും; സിപിഐഎം പ്രവര്‍ത്തകരെ വെല്ലുവിളിച്ച് അലി അക്ബര്‍

റേപ്പ് ജോക്ക് പരാമര്‍ശത്തിന് പിന്നാലെ ശ്രീജിത്ത് പണിക്കരെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐബിഎസ് സോഫ്റ്റുവെയര്‍ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് അലി അക്ബര്‍. ശ്രീജിത്തിന്റെ പണി പോയാല്‍ നല്ല പണികിട്ടുമെന്നാണ് സിപിഐഎം പ്രവര്‍ത്തകരെ വെല്ലുവിളിച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പുന്നപ്രയില്‍ ശ്വാസംമുട്ട് അനുഭവിച്ച കോവിഡ് 19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് നേരെയാണ് ശ്രീജിത്ത് പണിക്കര്‍ റേപ്പ് ജോക്ക് നടത്തിയത്. ഇതിന് പിന്നാലെ ശ്രീജിത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയര്‍ന്നത്.

ശ്രീജിത്തിനെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് നിരവധി പ്രമുഖര്‍ അറിയിച്ചിരുന്നു.

ഡോ.പ്രേംകുമാര്‍, രശ്മിത രാമചന്ദ്രന്‍, റെജി ലൂക്കോസ് എന്നിവരാണ് തങ്ങളുടെ നയം വ്യക്തമാക്കിയത്. വിവാദപരാമര്‍ശത്തില്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുമായ രേഖ പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Vijayasree Vijayasree :