അയാളുടെ ആവശ്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി, രക്ഷയായത് സഹോദരി ഹന്‍സികയുടെ ഇടപെടല്‍

കഴിഞ്ഞ ദിവസം രാത്രി നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്ക് ഒരാള്‍ അതിക്രമിച്ചു കയറിയ വാര്‍ത്ത നമ്മളെല്ലാവരും കണ്ടു. എന്നാല്‍ തന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയ ആളുടെ ആവശ്യം കേട്ട് താനടക്കം എല്ലാവരും ഞെട്ടിയിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് നടി അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിവരങ്ങള്‍ പങ്ക് വെച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് സംഭവം. രാത്രി പത്തിന് ഗേറ്റ് ചാടിവന്ന ഇയാള്‍ വീടിന്റെ വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഉടന്‍ തന്നെ വാതില്‍ അടയ്ക്കാന്‍ സാധിച്ചതിനാല്‍ മറ്റ് അപകടമൊന്നും സംഭവിച്ചില്ലെന്നും അഹാന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ വ്യക്തമാക്കി. തങ്ങളുടെ സുരക്ഷയെ കുറിച്ച് അന്വേഷിച്ച എല്ലാവരോടും നന്ദിയും നടി പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി എന്റെ വീട്ടില്‍ സംഭവിച്ച കാര്യത്തെ കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. ഒരാള്‍ രാത്രി പത്ത് മണിക്ക് ഗേറ്റ് ചാടികടന്ന് വീട്ടിലേക്കെത്തി. എന്റെ ആരാധകനാണെന്നും കാണാന്‍ വന്നതാണെന്നുമാണ് അയാള്‍ പറഞ്ഞത്. പക്ഷേ ഞങ്ങള്‍ ഗേറ്റ് തുറക്കാന്‍ മടിച്ചിട്ടും അയാള്‍ ചാടി കടന്നു, അതിനുപിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കാം. ഞങ്ങള്‍ ഗേറ്റ് പൂട്ടിയിരുന്നു, അയാള്‍ ഗേറ്റ് ചാടികടന്ന് വരാന്തയിലെത്തി മൊബൈലില്‍ പാട്ടുകള്‍ ഉച്ചത്തില്‍ വെച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു, അവര്‍ 15 മിനിറ്റിനകം സ്ഥലത്തെത്തി. അയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമെന്നാണ് അയാള്‍ പോലീസുകാരോട് പറഞ്ഞത്. ഈ വിവരം പോലീസുകാരാണ് അറിയിച്ചത്. വേറെയൊന്നും സംഭവിക്കാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നു.

ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്, എല്ലാമിപ്പോള്‍ ശരിയായി. ഞങ്ങള്‍ എല്ലാവരും പേടിച്ചുപോയി. സിനിമയിലൊക്കെ നടക്കുന്നതു പോലെ ജീവിതത്തില്‍ സംഭവിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കില്ലല്ലോ. മറ്റുള്ളവരുടെ സ്വകാര്യതയെ ഏവരും മാനിക്കണം. അങ്ങനെയല്ലാതെ ഇതൊക്കെ ചെയ്യുമ്പോള്‍ അത്തരം ഉദ്ദേശങ്ങള്‍ ഉള്ളവര്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണ്. അക്രമിക്കാന്‍ ശ്രമിച്ച ആളുടെ നാട് ഏതെന്നോ അയാളുടെ സര്‍ നെയിം എന്താണെന്നൊക്കെയുള്ളത് ഇവിടെ വിഷയമല്ല, ദയവായി എന്റെ അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വീട്ടില്‍ നടന്ന ഇക്കാര്യങ്ങള്‍ വളച്ചൊടിക്കരുത്. അയാള്‍ ഗേറ്റ് ചാടുന്നത് കണ്ട തന്റെ സഹോദരി ഹന്‍സികയാണ് ഫസ്റ്റ് ഫ്‌ളോറില്‍ നിന്ന് ഉടന്‍ ഓടി വന്ന് വാതില്‍ അടച്ചത്. അവളുടെ മനസ്സാന്നിധ്യം ചിലപ്പോള്‍ ഇത്തരമൊരു സാഹചര്യത്തില്‍ എനിക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. സാഹചര്യം മനസിലാക്കി വിവേകപൂര്‍വം ഇടപെട്ട അവളെ കുറിച്ച് ഏറെ അഭിമാനമുണ്ട് എന്നും അഹാന തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അഹാന തന്നെയാണ് ഇക്കാര്യവും ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിച്ചെന്നും തുടര്‍ന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും അഹാന പറഞ്ഞു. ഇപ്പോള്‍ ഏകാന്തതയിലാണ് എന്നും തന്റെ സാന്നിധ്യം സ്വയം ആസ്വദിക്കുകയാണ് എന്നും താരം പറഞ്ഞിരുന്നു.

Noora T Noora T :