കോവിഡ് തരംഗത്തില്‍ പ്രതിസന്ധിയിലായ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍

കോവിഡ് രണ്ടാം തരംഗം രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും കടുത്ത പ്രതിസന്ധികളിലേയ്ക്ക് ആണ് രാജ്യം കടക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍.

സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സിനിമ പ്രവര്‍ത്തകര്‍ക്ക് 3,000 രൂപ വീതം താരം ധനസഹായം നല്‍കിയിരുന്നു.

1500 രൂപയാണ് ആദ്യ ഗഡുക്കളായി പ്രവര്‍ത്തകര്‍ക്ക് നല്‍കുക. സല്‍മാന്‍ ഖാന് പുറമേ യഷ്രാജ് ഫിലിംസും സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന 35,000 പേര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നാണ് യാഷ്രാജ് ഫിലിംസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമ സെറ്റുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണം നിര്‍ത്തിവെക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ദിവസവേതനക്കാര്‍ക്ക് ജോലി നിന്നു പോകുന്ന അവസരത്തിലാണ് താരം ധനസഹായം പ്രഖ്യപിച്ചത്.

ഒന്നാം തരംഗത്തിലും കോവിഡ് സാരമായി ബാധിച്ചത് സിനിമ പ്രവര്‍ത്തകരെ ആണ്. അതില്‍ നിന്നും മുക്തി നേടി വരുന്നതിനിടെയാണ് വീണ്ടും രണ്ടാം തംരംഗം ശക്തി പ്രാപിച്ച് എത്തിയിരിക്കുന്നത്.

Vijayasree Vijayasree :