കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതില്‍ നിന്നും കരകയറാതെ കഷ്ടപ്പെടുകയാണ് സിനിമാ മേഖല. ആയിരക്കണക്കിന് പേര്‍ ജോലിയെടുക്കുന്ന ഒരു മേഖല കൂടി ആയതിനാല്‍ തന്നെ തിയേറ്ററുകള്‍ തുറക്കാത്തത് ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്. ബാറുകളും സ്‌കൂളുകളും വകെ തുറന്നിട്ടും തിയേറ്റര്‍ മാത്രം തുറക്കാത്തത്തില്‍ വന്‍ പ്രതിക്ഷേധമായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്നു വന്നത്. നിരവധി സിനിമാ പ്രവര്‍ത്തകരും അഭിപ്രായവുമായി എത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് തിയേറ്റര്‍ തുറക്കുന്നുവെന്ന വാര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ജനുവരി അഞ്ചോടെ സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കും. സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം ആരുടെയും മുഖത്ത് നോക്കി പറയാറുള്ള ജോയ് മാത്യൂ ഈ വിഷയത്തിലും പ്രതികരിച്ചിരുന്നു. തീയറ്ററുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ സോഷ്യല്‍ മീഡിയാ പോസ്റ്റ് വഴി പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് താന്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു എന്നും താമസിയാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതില്‍ താന്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കുകയാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ‘പറയേണ്ടവര്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും’മെന്നും ഇക്കാര്യം ഇത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് താന്‍ കരുതിയിലെന്നും എന്നാല്‍ ഇക്കാര്യം കുട്ടി സഖാക്കള്‍ സമ്മതിച്ചു തരില്ലെന്നും ജോയ് മാത്യു പറയുന്നു.
വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളു’മെല്ലാം തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടും എന്തുകൊണ്ടാണ് സിനിമാശാലകള്‍ തുറക്കാത്തതെന്ന് ചോദിച്ച് നടന്‍ സോഷ്യല്‍ മീഡിയ വഴി ഒരു് കുറിപ്പ് പങ്ക് വെച്ചിരുന്നു. ഇക്കാര്യത്തില്‍ സിനിമാ സംഘടനകള്‍ ബാറുടമകളില്‍ നിന്നുമാണ് പാഠമുള്‍ക്കൊള്ളേണ്ടതെന്നും ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ അനുമതി സംഘടിപ്പിച്ചത് എങ്ങനെയാണെന്ന് മനസിലാക്കേണ്ടതുണ്ടെന്നും ബാറിലിരുന്നാല്‍ വരാത്ത വൈറസ് തിയേറ്ററിലെത്തുമെന്ന് നാസ കണ്ടുപിടിച്ചോ, സിനിമാ തിയേറ്റര്‍ മുതലാളിമാരെ എന്തിന് കൊള്ളാം, ബാര്‍ ഉടമകളില്‍ നിന്നാണ് പലതും പഠിക്കാനുള്ളത് എന്നും ജോയ് മാത്യു പറഞ്ഞിരുന്നു. കൊവിഡ് 19 എന്ന മഹാമാരിയെ പ്പേടിച്ച് പൊതുയിടങ്ങള്‍ എല്ലാം കൊട്ടിയടച്ച കൂട്ടത്തില്‍ സിനിമാശാലകളും അടച്ചു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ തൊഴിലും വരുമാനവും ഇല്ലാത്തവരായി. ഇപ്പോള്‍ കാര്യങ്ങള്‍ നേരെയായിത്തുടങ്ങിയിരിക്കുന്നു. വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരില്‍ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി. എന്നിട്ടും സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടായിരിക്കാം? തമിഴ് നാട്ടിലും കര്‍ണാടകയിലും തിയറ്ററുകള്‍ തുറന്ന് പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു എന്നാണറിയുന്നത് .കൊറോണക്കാലത്ത് മദ്യപന്മാരെ പിഴിയാന്‍ കഴിയാതിരുന്ന ബാര്‍ മുതലാളിമാര്‍ക്ക് അമിത വിലയില്‍ മദ്യം വിളമ്പി നഷ്ടം തിരിച്ചുപിടിക്കാന്‍ കാണിച്ച സന്മനസിന്റെ പാതിയെങ്കിലും തിയറ്റര്‍ നടത്തിപ്പുകാരോട് കാണിച്ചുകൂടെ? എന്നും ജോയ് മാത്യു ചോദിച്ചിരുന്നു.
അന്‍പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയോടു കൂടിയാണ് തിയേറ്ററുകള്‍ക്ക് പ്രവേശനാനുമതി കൊടുത്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മേഖലയായതിനാല്‍ ഇവരെല്ലാം തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും കര്‍ശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഷോയ്ക്ക് പകുതി ടിക്കറ്റുകള്‍ മാത്രം വില്‍ക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. തീയേറ്ററുകള്‍ അണുവിമുക്തമാക്കി ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായും പാലിച്ചു കൊണ്ടു മാത്രമേ തീയേറ്ററുകള്‍ വീണ്ടും പ്രവത്തനം ആരംഭിക്കാന്‍ പാടുള്ളൂ. ടിക്കറ്റ് തിയേറ്ററില്‍ വില്‍ക്കില്ല എന്നാണ് ലഭ്യമായ സൂചന. ഇതോടു കൂടി വിജയ് നായകനായ മാസ്റ്റര്‍ ജനുവരി 13 ന് എത്തുന്നതും കാത്തിരിക്കുകയാണ് വിജയ് ആരാധകരും സിനിമാ പ്രേമികളും.