അയാള്‍ക്ക് നയന്‍താരയുടെ പ്രകടനം ഇഷ്ടമായില്ല, പകരം എത്തിയത് ഗോപിക; ഇന്നും അതില്‍ വിഷമം ഉണ്ടെന്ന് നിര്‍മ്മാതാവ്

നയന്‍താരയെ തമിഴില്‍ ആദ്യമായി അഭിനയിപ്പിക്കാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടതില്‍ അതിയായ വിഷമമുണ്ടെന്ന് തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് കലൈപുലി എസ് താനു.

സിമ്പു നായകനായ തൊട്ടീ ജയ എന്ന ചിത്രത്തിന് വേണ്ടി താനു ആദ്യം പരിഗണിച്ചത് നയന്‍താരയെയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ നായികയായി എത്തിയത് ഗോപികയായിരുന്നു.

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നയന്‍താര എന്ന പെണ്‍കുട്ടിയുടെ ചിത്രം ഞാന്‍ ഒരു മാസികയില്‍ കാണുന്നത്. ഡയാന എന്നാണ് ആ പെണ്‍കുട്ടിയുടെ പേരെന്ന് ദേവി ശ്രീദേവി തിയേറ്റര്‍ മാനേജര്‍ എന്നോട് പറഞ്ഞു.

ഡയാനയെ അദ്ദേഹം നാട്ടില്‍ നിന്ന് ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കുടുംബത്തോടൊപ്പം ട്രെയിനിലാണ് ഡയാന വന്നത്. എനിക്ക് ഡയാനയെ ഇഷ്ടമായി.

എന്നാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍.ഡി രാജശേഖര്‍ ഗോപികയ്ക്ക് വാക്ക് നല്‍കിയിരുന്നു. ഗോപികയ്ക്കൊപ്പം ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ടായിരുന്നു.

സംവിധായകന്‍ വി.ഇസഡ് ദൂരൈയ്ക്കും ഗോപികയെയായിരുന്നു താല്‍പര്യം. ഞാന്‍ നയന്‍താരയുടെ പേര് പറഞ്ഞപ്പോള്‍ ഒരു രംഗം ചിത്രീകരിച്ച് നോക്കാമെന്ന് പറഞ്ഞു.

എനിക്ക് ഡയാനയുടെ അഭിനയം ഇഷ്ടമായി. എന്നാല്‍ രാജശേഖന് അവരുടെ പ്രകടനം ഇഷ്ടമായില്ല. ഒടുവില്‍ ഗോപികയ്ക്ക് തന്നെ ആ കഥാപാത്രം ലഭിച്ചു.

കാരണം ഗോപികയുമായി കരാര്‍ ചെയ്തിരുന്നു. അതിനും കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഡയാന മലയാള സിനിമയില്‍ അഭിനയിക്കുന്നത്. നയന്‍താര എന്ന പേരില്‍.

പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം തമിഴിലും എത്തി. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറി. നയന്‍താരയെ അന്ന് എന്റെ സിനിമയില്‍ കൊണ്ടുവരാതിരുന്നതില്‍ എനിക്ക് ഇന്നും വിഷമമുണ്ട് എന്നും താനു പറഞ്ഞു.

Vijayasree Vijayasree :