അങ്ങനെ ചെയ്തിരുന്നെങ്കില്‍ സുരാജിന്റെ അവസ്ഥ എനിക്കും വന്നേനേ; മനസ്സ് തുറന്ന് മണിയന്‍പിള്ള രാജു

സഹനടനായും ഹാസ്യവേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മണിയന്‍പിളള രാജു. ഒരുകാലത്ത് മോഹന്‍ലാല്‍ സിനിമകളില്‍ എല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു നടന്‍. നിരവധി വിജയചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായ മണിയന്‍പിളള രാജു 400ഓളം സിനിമകളിലാണ് അഭിനയിച്ചത്. മോളിവുഡിലെ മുന്‍നിര സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം സിനിമകളില്‍ മണിയന്‍പിളള രാജു ഭാഗമായിരുന്നു.

അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവായും അവതാരകനായും വിധികര്‍ത്താവായുമൊക്കെ സജീവമായ മണിയന്‍പിള്ള രാജു ടെലിവഷന്‍ ്‌പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. തിരുവനന്തപുരം ഭാഷാ പ്രയോഗത്തിലൂടെയും തന്റേതായ അവതരണ ശൈലിയിലൂടെയും സിനിമയില്‍ തിളങ്ങിയ താരമാണ് മണിയന്‍പിളള രാജു, നിരവധി സിനിമകളില്‍ ഈ സ്‌റ്റൈലില്‍ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതിനെല്ലാം മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആ ഭാഷ വീണ്ടും പ്രയോഗിക്കാന്‍ തനിക്ക് തോന്നിയില്ലെന്ന് പറയുകയാണ് മണിയന്‍ പിളള രാജു. ഇതിന്റെ കാരണവും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ തുറന്നുപറഞ്ഞു.

ഞാന്‍ പ്രിയദര്‍ശന്‌റെ സിനിമകളിലൊക്കെ തിരുവനന്തപുരം ഭാഷ പറയുമെങ്കിലും അത് തന്നെ ഒരു ആക്ടര്‍ കുറെ നാള്‍ കൊണ്ട് നടന്നാല്‍ ശരിയാകില്ല. സുരാജിന് സംഭവിച്ചത് അതാണ്. ഞാന്‍ 42 വര്‍ഷത്തിനിടയ്ക്ക് നാനൂറോളം സിനിമകള്‍ ചെയ്തു. ഇതിലെല്ലാം ഞാന്‍ തിരുവനന്തപുരം ഭാഷ മാത്രം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഒരിടത്ത് തളയ്ക്കപ്പെടുമായിരുന്നു. ഇപ്പോള്‍ സുരാജ് നല്ല നല്ല വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇടയ്ക്ക് തിരുവനന്തപുരം മാത്രം ആയപ്പോള്‍ ഒരു ചട്ടക്കൂടില്‍ ആയിപ്പോയി. ചിലര്‍ക്ക് അത് മാറ്റാന്‍ പറ്റില്ല. ഉദാഹരണത്തിന് മാമുക്കോയ, കോഴിക്കോടന്‍ ഭാഷ ഒരു സ്‌റ്റൈല്‍ ആക്കി മാറ്റിയ ആളാണ് പപ്പു ചേട്ടന്‍. പുളളി എത് വേഷം ചെയ്താലും അങ്ങനെ തന്നെ പറയണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടായി.

ഹലോ മൈഡിയര്‍ റോങ് നമ്പര്‍, വെളളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം, ഛോട്ടാ മുംബൈ, ഒരുനാള്‍ വരും, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, പാവാട, പഞ്ചവര്‍ണ്ണതത്ത തുടങ്ങിയ ചിത്രങ്ങളും നടന്റെ നിര്‍മ്മാണത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. 2019 ല്‍ പുറത്തിറങ്ങിയ ഫൈനല്‍സ് എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1981ല്‍ പുറത്തിറങ്ങിയ മണിയന്‍പിളള അഥവാ മണിയന്‍പിളള എന്ന ചിത്രമാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സിനിമയിലെ താരത്തിന്റെ പ്രകടനം മണിയന്‍പിളള രാജുവിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

താരം മുമ്പ് ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്റെ ജീവിതത്തില്‍ എനിക്ക് മലയാള സിനിമയില്‍ ഒരു അത്ഭുത പ്രതിഭ അല്ലെങ്കില്‍ പണ്ഡിതനാണ് അല്ലെങ്കില്‍ ഇത്രയും കഴിവുകള്‍ ദൈവം കൊടുത്തു എന്ന് ഞാന്‍ മനസ്സില്‍ കരുതുന്ന ഒരു വലിയ ആളാണ് ഇന്നസെന്റ്. ഒരു വിദേശ രാജ്യത്തിന്റെയൊക്കെ അംബാസിഡറായി പറഞ്ഞുവിടാന്‍ പറ്റുന്ന വ്യക്തിയാണ്. ഇന്നസെന്റിന് അത്രയും വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും ഇന്നസെന്റിനെ പോലെ ഇത്രയും നയതന്ത്രശാലിയായ ഒരു വ്യക്തിയെ ഞാന്‍ എന്റെ ലൈഫില്‍ കണ്ടിട്ടില്ല. ദൈവം അദ്ദേഹത്തിന് കൊടുത്ത ഗിഫ്റ്റാണത്. അദ്ദേഹത്തിന്റെ കഥകള്‍ കേട്ടാല്‍ നമ്മള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നുപോകും. അത്രമാത്രം കഥകള്‍ ഉണ്ട് അദ്ദേഹത്തിന്റെ അടുത്ത്. ഇന്നസെന്റിന് ക്യാന്‍സര്‍ വന്നപ്പോള്‍ അദ്ദേഹം അത് നേരിട്ട രീതി എല്ലാവര്‍ക്കും ഒരു പാഠമാണ്. ആ സമയത്ത് ആശ്വസിപ്പിക്കാന്‍ വിഷമത്തോടെ വിളിക്കുമ്പോള്‍ പുളളി ഫോണില്‍ നമ്മളെ പൊട്ടിച്ചിരിപ്പിക്കും. മലയാള സിനിമയില്‍ ഞാന്‍ കണ്ടിട്ടുളള അസാധ്യ ജന്മമാണ് ഇന്നസെന്റ് എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്.

Noora T Noora T :