പുതിയ സംവിധായകരുടെ സിനിമകള്‍ തന്നിലേക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
‘ഇനി വരാന്‍ പോകുന്ന സിനിമകള്‍ എടുത്താല്‍ അതിലും പുതിയ ആള്‍ക്കാരാണ്. പുതിയ സംഘങ്ങളും പുതിയ ആശയങ്ങളുമാണ്. അത് നമുക്ക് ഫ്രെഷ്‌നെസ്സ് തരുന്നുണ്ട്.
സിനിമയെക്കുറിച്ച് പുതുതായി ചിന്തിക്കുന്ന ആള്‍ക്കാര്‍ എന്നെ വെച്ച് സിനിമകള്‍ ആലോചിക്കുന്നു എന്നത് എനിക്കും പോസിറ്റീവ് സ്‌ട്രെങ്ങ്ത്ത് തരുന്നുണ്ട്.
തനിക്ക് കഴിഞ്ഞ തലമുറയുടെയും ഈ തലമുറയുടെയും കൂടെ നില്‍ക്കാന്‍ കഴിഞ്ഞുവെന്ന് ഓര്‍ക്കുമ്പോള്‍ നല്ല സന്തോഷമുണ്ടെന്നും മഞ്ജു പറയുന്നു.
എന്നാല്‍ അടുത്തിടെ വൈറലായ മഞ്ജുവിന്റെ ഫോട്ടോയെ കുറിച്ചും താരം തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ‘ഈയടുത്ത് വന്ന എന്റെയൊരു ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും ഞാനതൊന്നും വലിയ കാര്യമായി കാണുന്നില്ല.
അതൊരു വലിയ ക്രെഡിറ്റോ അതാണ് ഏറ്റവും വലിയ നേട്ടമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. പ്രായമാകുന്നത് സ്വാഭാവികമാണ്. അതിനെ വളരെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയാണ് വേണ്ടത്.
പ്രായമാവുന്നതില്‍ എനിക്കും സന്തോഷമേയുള്ളൂ. ചെറുപ്പമായിരിക്കുന്നു എന്നതിലല്ല, സന്തോഷമായിരിക്കുന്നുണ്ടോ എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.
ആ ഫോട്ടോയുടെ കാര്യത്തില്‍ വലിയ ചര്‍ച്ച ഉണ്ടായപ്പോഴും എന്റെ ഉള്ളില്‍ വന്ന ചിന്ത അതാണ്. ബാക്കിയെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ്,’ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.