‌സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ റിക്കോര്‍ഡ് വിലയ്ക്ക് കഥ വിറ്റു, തന്റെ ദാരിദ്യം മാറ്റിയ സിനിമയെക്കുറിച്ച് രാജസേനന്‍

സംവിധായകനായും എഴുത്തുകാരനായും അഭിനേതാവായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാജസേനന്‍. കൂടുതലും കുടുംബചിത്രങ്ങളിലൂടെയാണ് രാജസേനന്‍ പ്രേക്ഷക പ്രീതി നേടിയത്. തൊണ്ണൂറുകളില്‍ രാജസേനന്‍ സിനിമകള്‍ സൃഷ്ടിച്ച വിജയങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് വിപണന സാധ്യതയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് തന്നെ തനിക്ക് ഒരു ഗംഭീര ഹിറ്റ് സിനിമ മലയാളത്തില്‍ സമ്മാനിക്കാന്‍ സാധിച്ചുവെന്ന് തുറന്നു പറയുകയാണ് രാജസേനന്‍. ഒരേ നിര്‍മ്മാതാവിന്റെ തന്നെ മൂന്ന് സിനിമകള്‍ തുടരെ തുടരെ ചെയ്ത താന്‍ ‘പാവം ക്രൂരന്‍’ എന്ന സിനിമ മലയാളത്തില്‍ വലിയ ഹിറ്റാക്കി മാറ്റിയെന്നും അതിന്റെ കഥ അന്ന് രണ്ടേമുക്കാല്‍ ലക്ഷം രൂപയ്ക്കാണ് വിറ്റ് പോയതെന്നും രാജസേനന്‍ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് രാജേസേനന്‍ ഇക്കാര്യങ്ങളെ കുറിച്ച് പറയുന്നത്.

‘എന്റെ ആദ്യ മൂന്ന് സിനിമകള്‍ നിര്‍മ്മിച്ച വി രാജന്‍ എന്ന രാജേട്ടനെ എനിക്ക് മറക്കാന്‍ കഴിയില്ല. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഞാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസരത്തില്‍ എനിക്ക് മൂന്നു സിനിമകളുടെ പ്രതിഫലം ഒന്നിച്ച് നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് വേണ്ടി ആദ്യം ചെയ്ത ‘ആഗ്രഹം’ എന്ന സിനിമ ഒരു സാമ്പത്തിക പരാജയത്തിലേക്ക് പോയി, പക്ഷേ പിന്നീട് ചെയ്ത ‘പാവം ക്രൂരന്‍’ എന്ന സിനിമ വന്‍ വിജയമായി മാറിയിരുന്നു. അന്ന് അതിന്റെ കഥ വിറ്റ് പോയത് രണ്ടേ മുക്കാല്‍ ലക്ഷം രൂപയ്ക്കാണ്. ശരിക്കും എന്റെ ദാരിദ്ര്യം മാറ്റിയ സിനിമയാണ് ‘പാവം ക്രൂരന്‍’ എന്ന ചിത്രമെന്നും രാജസേനന്‍ പറയുന്നു.

ജയറാം രാജസേനന്‍ കൂട്ടുകെട്ടില്‍ ഒരുപിടി മനോഹര ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. 1993 ല്‍ റിലീസ് ചെയ്ത മേലേപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം സൂപ്പര്‍ഹിറ്റ് ആയതിന് ശേഷമാണ് രാജസേനന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തതോടെ കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകന്മാരില്‍ ഒരാളായി മാറുകയായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്നു പറയാന്‍ മടികാണിക്കാത്ത രാജസേനന്‍ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും പെടാറുണ്ട്.

പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ സമരത്തെ കുറിച്ച് രാജസേനന്‍ മുമ്പ് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇവര്‍ നാടിന് ആപത്താണെന്നും വേണ്ടതെല്ലാം കൊടുത്ത് എത്രയും പെട്ടെന്ന് അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും രാജസേനന്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ മാപ്പ് ചോദിച്ചും താരം എത്തിയിരുന്നു. ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും, അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് രാജസേനന്‍ പ്രതികരിച്ചത്.




Noora T Noora T :