‘ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല, ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്’; വൈറലായി പാര്‍വതി തിരുവോത്തിന്റെ പോസ്റ്റ്

കോവിഡ് രണ്ടാം ഘട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് വെയ്ക്കണമെന്ന അഭിപ്രായവുമായി നടി പാര്‍വതി തിരുവോത്ത്. മാധ്യമപ്രവര്‍ത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വതി തന്റെ അഭിപ്രായം വീണ്ടും വ്യക്തമാക്കിയത്.

”ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്” എന്നാണ് ഷാഹീനയുടെ കുറിപ്പ്.

”ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസിലായിക്കാണും. അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കുക” എന്ന് പാര്‍വതി കുറിച്ചു. ‘സേ നോ ടു തൃശൂര്‍ പൂരം’, ‘സെക്കന്‍ഡ് വേവ് കൊറോണ’ എന്നീ ഹാഷ്ടാഗുകളും താരം ഉപയോഗിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതികരിച്ചിരുന്നു. സംവിധായകന്‍ ഡോ. ബിജു, ജിയോ ബേബി എന്നിവര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. കുംഭ മേളയ്‌ക്കെതിരെയും ഇവര്‍ ശബ്ദം ഉയര്‍ത്തിയിരുന്നു.

Vijayasree Vijayasree :