‘1000 പെരിയാര്‍ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ’; വിവേകിനെ അനുസ്മരിച്ച് മന്ത്രി ഇപി ജയരാജന്‍

കഴിഞ്ഞ ദിവസമായിരുന്നു സിനിമാ ലോകത്തിന് തീരാവേദനയായി ഹാസ്യ താരം വിവേക് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പതിനൊന്ന്് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. എന്നാല്‍ ശനിയാഴ്ച വെളുപ്പിന് നാലരയോടെ മരണപ്പെടുകയായിരുന്നു.

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും നിരവധി പേരാണ് വിവേകിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് എത്തിയത്. ഇപ്പോഴിതാ മന്ത്രി ഇപി ജയരാജനും വിവേകിനെ അനുസ്മരിച്ച് എത്തിയിരിക്കുകയാണ്.

ഇപി ജയരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘1000 പെരിയാര്‍ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ.’ ആധുനിക സമൂഹത്തിലും കരിനിഴലാകുന്ന ജാതി ചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും മുഖത്തേറ്റ അടിയായിരുന്നു തമിഴ് നടന്‍ വിവേകിന്റെ ആ ഡയലോഗ്.

തമിഴ് സമൂഹത്തില്‍ ഹാസ്യകഥാപാത്രങ്ങള്‍ക്ക് സൃഷ്ടിക്കാനാകുന്ന സ്വാധീനം വ്യക്തമായി മനസ്സിലാക്കി, തന്റെ കഥാപാത്രങ്ങളിലൂടെ പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെയും പെണ്‍കുട്ടികളുടെ തുല്യാവകാശത്തെപ്പറ്റിയും കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു അയാള്‍.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയാല്‍, വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഏകോപിപ്പിച്ച് തമിഴകത്തില്‍ ഒരു കോടി മരം നാട്ടു വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു.

ഏറ്റവുമൊടുവില്‍, കോവിഡ് വാക്‌സിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയെത്തി വാക്സിന്‍ സ്വീകരിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ വ്യാഴാഴ്ച അദ്ദേഹത്തെ പൊതുജനാരോഗ്യ അംബാസ്സഡറായി പ്രഖ്യാപിച്ചിരുന്നു.

ലോകത്ത് 30 ലക്ഷം പേരെ കൊന്ന മഹാമാരിയെ ചെറുക്കാന്‍ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ശാസ്ത്രബോധം വളര്‍ത്താനും സമൂഹനന്മയ്ക്കായും കൂടുതല്‍ പേര്‍ സംസാരിക്കേണ്ട സമയം. ഒന്നല്ല, 1000 വിവേകുമാര്‍ ഉണ്ടാകേണ്ട സമയം. പ്രിയ കലാകാരന് വിട.

Vijayasree Vijayasree :