‘പ്രദര്‍ശനം രാത്രി ഒമ്പത് മണിക്കു തന്നെ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം’; സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടുമെന്ന് ഫിയോക്

തിയേറ്ററുകളിലെ പ്രദര്‍ശനം രാത്രി ഒമ്പത് മണിക്കു തന്നെ അവസാനിപ്പിക്കാന്‍ തിയേറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി തിയേറ്ററുകളുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഫിയോക് വ്യക്തമാക്കി.

എന്നാല്‍, രാവിലെ ഒമ്പതിന് തന്നെ പ്രദര്‍ശനം ആരംഭിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു. രാജ്യത്താകെ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത്.

സെക്കന്‍ഡ് ഷോ ഇല്ലാതെ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.

സര്‍ക്കാര്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കാത്തതിനാല്‍ നിരവധി ചിത്രങ്ങളുടെ റിലീസ് മാറ്റി വെച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്നാണ് സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയത്.

Vijayasree Vijayasree :