2020 ഫിലിം ക്രിട്ടിക്‌സ് രചനാ വിഭാഗം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി അശ്വതിയും അജുവും

ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അശ്വതി എന്ന തൂലികാനാമത്തില്‍ വര്‍ഷങ്ങളോളം മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ ചലച്ചിത്രനിരൂപണമെഴുതിയ പത്മനാഭന്റെ ‘സിനിമ-സ്വപ്നവ്യാപാരത്തിലെ കളിയും കാര്യവും’ എന്ന ഗ്രന്ഥത്തിനാണ് 2020 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് മണ്ണാറക്കയം ബേബി പുരസ്‌കാരം ലഭിച്ചത്.

എം.ജി.സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ മലയാളം അധ്യാപകനായ ഡോ അജു കെ. നാരായണന്റെ ‘ജീവചരിത്രസിനിമകളുടെ ചരിത്രജീവിതം’ മികച്ച ലേഖനത്തിനുള്ള അവാര്‍ഡും നേടി. ഡോ.എം.ആര്‍. രാജേഷിന്റെ ‘സിനിമ-മുഖവും മുഖംമൂടിയും’ എന്ന ഗ്രന്ഥം രണ്ടാം സമ്മാനത്തിനും ഡോ.സെബാസ്റ്റിയന്‍ കാട്ടടിയുടെ ‘സിനിമയും സാഹിത്യവും’ മൂന്നാം സമ്മാനത്തിനും അര്‍ഹമായി.

ലേഖനവിഭാഗത്തില്‍ ഡോ. എതിരന്‍ കതിരവന്റെ ‘പേരമ്പ്്-ലിംഗനീതിയിലെ പൊള്ളത്തരം’ രണ്ടാം സമ്മാനവും ബിപിന്‍ ചന്ദ്രന്റെ ‘കോമാളി മേല്‍ക്കൈ നേടുന്ന കാലം’ മൂന്നാം സമ്മാനവും നേടിയപ്പോള്‍ അനീറ്റ ഷാജി എഴുതിയ ‘കഥയും അനുകല്‍പനവും-തൊട്ടപ്പനിലെ ആഖ്യാനഭൂമികകള്‍’ പ്രത്യേക ജൂറി പുരസ്‌കാരം നേടി.

ഡോ.ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തെരഞ്ഞെടുത്തത്.ഡോ അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ലേഖനം തിരഞ്ഞെടുത്തത്.കോവിഡ് നിയന്ത്രണത്തിലാകുന്ന മുറയ്ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫും അറിയിച്ചു.

Vijayasree Vijayasree :