‘റിലീസ് ആകും മുമ്പേ ആ സിനിമ പരാജയപ്പെട്ടു’, ഇറങ്ങും മുന്‍പേ തകര്‍ത്തു കളഞ്ഞ തന്റെ സിനിമയെക്കുറിച്ച് ഷാഫി

മലയാളത്തില്‍ ഏറെയും ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി. 2000-2010 കാലഘട്ടത്തില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങള്‍ സൃഷ്ടിച്ചത് ഷാഫിയായിരിക്കും. വണ്‍മാന്‍ഷോ, കല്ല്യാണരാമന്‍, പുലിവാല്‍ കല്ല്യാണം, തൊമ്മനും മക്കളും നാലു വര്‍ഷത്തിനിടെ ഷാഫി തുടര്‍ച്ചയായി സൃഷ്ടിച്ച ഹിറ്റുകളാണിവ. പിന്നാലെ മായാവിയും ചോക്ലേറ്റും ചട്ടമ്പിനാടും മേരിക്കുണ്ടൊരു കുഞ്ഞാടുമൊക്കെ എത്തി.

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം മൂലം ഇറങ്ങും മുന്‍പേ തകര്‍ത്തു കളഞ്ഞ തന്റെ ഒരു സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഷാഫി ഇപ്പോള്‍. കലവൂര്‍ രവികുമാര്‍ രചന നിര്‍വഹിച്ച് 2012 ല്‍ പുറത്തിറങ്ങിയ 101 വെഡിംഗ്‌സ് എന്ന സിനിമയ്ക്കാണ് അത്തരമൊരു ദുര്‍വിധി നേരിട്ടതെന്നും ആ സിനിമ ഒരു നല്ല കൊമേഴ്‌സ്യല്‍ സിനിമയായി താന്‍ അവകാശപ്പെടുന്നില്ലെന്നും ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ ഷാഫി പറയുന്നു.

‘സിനിമ ഇറങ്ങും മുന്‍പേ ചിലര്‍ സിനിമയെ വിലയിരുത്തും. ആ പ്രവണത ശരിയല്ല ഞാന്‍ സംവിധാനം ചെയ്ത ‘101 വെഡിംഗ്‌സ്’ എന്ന സിനിമയ്ക്ക് അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നു. ഇറങ്ങും മുന്‍പേ സിനിമ മോശമാണെന്ന രീതിയില്‍ ചിലര്‍ അതിനെ വിലയിരുത്തി. ആ സിനിമയ്ക്ക് പ്രശ്‌നങ്ങളുണ്ട് സമ്മതിക്കുന്നു. മികച്ച ഒരു കൊമേഴ്‌സ്യല്‍ സിനിമയാണെന്ന് പറയുന്നില്ല. എന്നിരുന്നാലും സിനിമ ഇറങ്ങും മുന്‍പേ അതിനെക്കുറിച്ച് മോശം അഭിപ്രായം പറയുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. എനിക്ക് എപ്പോഴും കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം. എല്ലാത്തരം സിനിമകളും ഇവിടെ വേണം. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ് ചെയ്യുന്നത്’ എന്നും ഷാഫി പറയുന്നു.


Noora T Noora T :