ഗായിക സുജാതയുടെ മകള്‍ എന്ന ലേബല്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്, എന്നാല്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളും ഏറെയാണ്!

മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ഗാനങ്ങള്‍ ആലപിച്ച ഗായകരാണ് സുജാതയും മകള്‍ ശ്വേതാ മോഹനും. ഇപ്പോഴിതാ തന്റെ സംഗീത ജീവിതം തുടങ്ങിയപ്പോള്‍ ഗായിക സുജാതയുടെ മകള്‍ എന്ന ലേബല്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് ശ്വേത.

എന്നാല്‍ തുടര്‍ന്ന് താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളും ഏറെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്വേത. സുജാതയുടെ മകള്‍ എന്ന പരിഗണനയില്‍ പല പ്രഗത്ഭ സംഗീത സംവിധായകരുടെ അടുത്തേക്ക് എത്താന്‍ എളുപ്പമായിരുന്നു.

എന്നാല്‍ ആദ്യ ഗാനം മാത്രമേ തനിക്ക് കിട്ടാറുള്ളു. പിന്നീട് തനിക്ക് പാട്ടു തരാറില്ല. സുജാതയുടെ മകള്‍ നന്നായി പാടണമല്ലോ എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കാതിരിക്കാന്‍ വേണ്ടി ആദ്യ കാലത്തൊക്കെ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു എന്നാണ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അന്നൊക്കെ റെക്കോര്‍ഡിംഗിനു വിളിക്കുമ്പോള്‍ പാടുന്ന സമയത്ത് സംഗീത സംവിധായകര്‍ ഭാവങ്ങള്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. കാരണം, അമ്മ ഭാവഗായിക ആണല്ലോ? അതുകൊണ്ടു തന്നെ അമ്മയെപ്പോലെ ഭാവങ്ങള്‍ വരണം എന്ന് അവര്‍ പറയാറുണ്ടായിരുന്നു എന്നു ശ്വേത പറയുന്നു.

പിന്നണി ഗാനരംഗത്ത് എത്തിയ തുടക്കകാലത്ത് അമ്മയുടെ അതേ ശൈലിയാണ് തനിക്ക് എന്നാണ് എല്ലാ സംഗീത സംവിധായകരും പറഞ്ഞിരുന്ന്. തന്റെ ആദ്യ ഗാനമായ ‘സുന്ദരി ഒന്നു പറയൂ’ കേട്ട് അമ്മയാണ് പാടിയതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. പല പാട്ടുകള്‍ക്കും അതേ അനുഭവം ഉണ്ടായി. പിന്നീട് പാടി പാടി തന്റെ ശൈലി മാറിയതായും ശ്വേത വ്യക്തമാക്കുന്നു.

Vijayasree Vijayasree :