രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും വീടുകള്‍ വാങ്ങാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍; നിയമ നടപടികള്‍ ആരംഭിച്ചു

ബോളിവുഡ് ഇതിഹാസ താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും വീടുകള്‍ വാങ്ങാന്‍ പാകിസ്ഥാന്‍ ഖൈബര്‍ പഖ്തുന്‍ഖ്വ (കെപി) സര്‍ക്കാര്‍ നിയമ നടപടികള്‍ ആരംഭിച്ചു.

ഇന്ത്യാപാക് വിഭജനത്തിന് മുമ്പ് ഇരുനടന്മാരും ജനിച്ച് വളര്‍ന്ന ഭവനങ്ങളാണിത്. കപൂര്‍ ഹവേലി എന്നറിയപ്പെടുന്ന രാജ്കപൂറിന്റെ പൈതൃകഭവനം ഖിസാ ഖവാനി ബാറിലാണ് സ്ഥിതി ചെയ്യുന്നത്.

അടിയന്തര അടിസ്ഥാനത്തില്‍ ഇരു വീടുകളും കൈവശപ്പെടുത്താന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ആവശ്യമായ വകുപ്പ് കെപി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

ദിലീപ് കുമാറിന്റെ ഭവനത്തിന് 80,56,000 രൂപയും രാജ് കപൂറിന്റെ ഭവനത്തിന് 1,50,00,000 രൂപയുമാണ് പെഷവാറിലെ ഡെപ്യൂട്ടി കമ്മീഷണര്‍ വില നിശ്ചയിച്ചിരിക്കുന്നത്.

നടന്‍ ദിലീപ് കുമാറിന്റെ 100 വര്‍ഷത്തോളം പഴക്കമുള്ള വീടും ഇതേ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 2014ലാണ് ഇദ്ദേഹത്തിന്റെ വീടിനെ ദേശീയ പൈതൃകപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചത്.

കെട്ടിടം പൊളിച്ച് വാണിജ്യ സമുച്ചയങ്ങള്‍ പണിയാനായിരുന്നു ഉടമകളുടെ പദ്ധതി. എന്നാല്‍ ചരിത്രപ്രാധാന്യം പരിഗണിച്ച് അവയെ സംരക്ഷിക്കാന്‍ പുരാവസ്തുവകുപ്പ് മുന്നിട്ടിറങ്ങുകയായിരുന്നു.

Vijayasree Vijayasree :