ജീവിതത്തില്‍ അപ്രതീക്ഷിതമായി നടന്ന ആ സംഭവത്തോടെ നട്ടെല്ലിന് ക്ഷതം പറ്റി അഞ്ച് വര്‍ഷം കിടപ്പിലായിരുന്നു; അരവിന്ദ് സ്വാമിയുടെ അധികം ആരും അറിയാത്ത ജീവിതം

ഒരുകാലത്ത് മലയാളികളുടെ സ്വന്തം കുഞ്ചാക്കോ ബോബനെ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ട ചോക്ക്‌ലേറ്റ് ഹീറോ ആയിരുന്നു അരവിന്ദ് സ്വാമി. നിരവധി ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന അരവിന്ദ് സ്വാമി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

പുത്തന്‍ ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായിരുന്നു. തമിഴ് സിനിമ കണ്ട മികച്ചൊരു തിരിച്ചുവരവായിരുന്നു അരവിന്ദ് സ്വാമിയുടേത്. മണിരത്നത്തിന്റെ ഏറ്റവും മികച്ച കണ്ടെത്തലുകളില്‍ ഒന്നായ അദ്ദേഹം ദളപതി, റോജ, ബോംബെ തുടങ്ങി നിരവധി വിജയ സിനിമകളില്‍ ഭാഗമായെങ്കിലും  ഇടക്കാലത്തു ഒരു താത്കാലിക ഇടവേളയെടുത്ത്  സിനിമയില്‍ നിന്ന് വിട്ടുനിന്ന് ബിസിനസ് മേഖലയിലേക്ക് ശ്രദ്ധതിരിച്ചു.

അരവിന്ദ് സ്വാമിയുടെ ആദ്യ ചിത്രം മണി രത്‌നം സംവിധാനം ചെയ്ത ദളപതി ആയിരുന്നു. എന്നാല്‍ നായകനായി അഭിനയിച്ച ചിത്രം മണിരത്‌നം തന്നെ സംവിധാനം ചെയ്ത റോജയാണ്. ഈ ചിത്രം വന്‍ വിജയമായി മാറിയതോടെ തമിഴകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ അരവിന്ദ് സ്വാമിയിക്കായി. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു.

പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമായ ചിത്രങ്ങള്‍ റോജ , ബോംബെ , മിന്‍സാര കനവ്, ഇന്ദിര, ദേവരാഗം, അലൈപായുതെ എന്നിവയാണ്. ഇതില്‍ റോജ , ബോംബെ എന്നീ ചിത്രങ്ങള്‍ ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ചവയാണ്.

എന്നാല്‍ 2005ല്‍ അപ്രതീക്ഷിതമായി ഉണ്ടായ ആക്സിഡന്റിനെ തുടര്‍ന്നു നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും നാലഞ്ചു വര്‍ഷകാലം കിടപ്പിലാകേണ്ടിയും വന്നു. തുടര്‍ന്ന് മണിരത്നത്തിന്റെ പ്രോത്സാഹനവും പ്രചോദനവും മൂലം ഡയറ്റും വര്‍ക്ക്ഔട്ടും കൊണ്ട്  സ്വാമി അടിമുടി മാറ്റത്തോടെ 2013ല്‍ കടല്‍ എന്ന സിനിമയിലൂടെ തിരിച്ചു വന്നു.

തുടര്‍ന്ന് തനിഒരുവന്‍, ബോഗന്‍, ചെക്കചിവന്തവാനം തുടങ്ങി റിലീസ് കാത്തിരിക്കുന്ന നരഗാസൂരനിലും,തലൈവിയിലും വരെ മികച്ചവേഷങ്ങള്‍ ചെയ്ത് എത്തിനില്‍ക്കുന്നു അരവിന്ദ് സ്വാമിയുടെ സിനിമാ ജീവിതം.

ഇപ്പോഴിതാ തീവണ്ടിയുടെ സംവിധായകന്‍ പി. ഫെല്ലിനിയുടെ പുതിയ ചിത്രത്തില്‍ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സജീവാണ്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഫെബ്രുവരി 27 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലാണ് ഷൂട്ട്. 25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്.

Vijayasree Vijayasree :