പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് പറ്റിയ അബന്ധമായിരുന്നു വിവാഹം, ഇനി ഒരു വിവാഹം ഉണ്ടോ? , തെസ്‌നി ഖാന്‍ പറയുന്നു

ഹാസ്യ നടിമാരില്‍ എറെ ശ്രദ്ധേയമായ താരമാണ് തെസ്നി ഖാന്‍. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരം സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് അഭിനയ ലോകത്തിലേയ്ക്ക് എത്തുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത സംഭവങ്ങളെ കുറിച്ച് പറയുകയാണ് താരം.

അമൃത ചാനലിലെ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു തെസ്നി മനസ് തുറന്നത്. വിവാഹത്തെ കുറിച്ചുള്ള എംജിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. താന്‍ വിവാഹം കഴിച്ചിരുന്നുവെന്നും എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ തങ്ങള്‍ പിരിഞ്ഞുവെന്നും തെസ്നി പറയുന്നു. അതിനുള്ള കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്.

‘ജീവിതത്തില്‍ എല്ലാവര്‍ക്കും അബദ്ധങ്ങള്‍ പറ്റാറുണ്ടല്ലോ. അങ്ങനെ എനിക്കു പറ്റിയൊരു അബദ്ധമാണത്. ഞാന്‍ വളരെയധികം കരുതലോടെ ജീവിക്കുന്നൊരു പെണ്ണാണ്. സിനിമയില്‍ വന്ന കാലം തൊട്ട് ഇന്നു വരെ. അങ്ങനെ അബദ്ധങ്ങളൊന്നും എനിക്ക് പറ്റിയിട്ടില്ല. സിനിമയില്‍ ഞാന്‍ തിരികെ നോക്കുമ്പോള്‍ എനിക്കങ്ങനെ അബദ്ധങ്ങളൊന്നും പറ്റിയിട്ടില്ല. ഞാന്‍ ഹാപ്പിയാണ്” തെസ്നി ഖാന്‍ പറയുന്നു.

”പക്ഷെ ജീവിതത്തില്‍ എനിക്ക് പറ്റിയൊരു അബദ്ധമാണിത്. കൂടി വന്നാല്‍ രണ്ട് മാസം. കല്യാണം കഴിഞ്ഞാല്‍ ഒരു പെണ്ണ് ആഗ്രഹിക്കുന്നതാണ് സംരക്ഷണം. അതല്ലാതെ അവളെന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി നോക്കാതെ ഇരിക്കുന്നതിനെ എങ്ങനെയാണ് ഒരു കല്യാണം എന്നു പറയുന്നത്. പത്ത് പതിനഞ്ച് വര്‍ഷം മുമ്പായിരുന്നു വിവാഹം. വളരെ സിംപിളായിട്ടായിരുന്നു നിക്കാഹ് നടന്നത്”.

”അത് കഴിഞ്ഞ് മനസിലായി ആള് കെയര്‍ ചെയ്യില്ല നോക്കില്ല എന്നൊക്കെ. ഒരു പ്രയോജനവുമില്ല. വെറുതെ ഒരു കെട്ട് എന്ന് പറയുന്നതിന് നമ്മള്‍ നിന്നു കൊടുത്തിട്ട് കാര്യമില്ല. കലാപരമായിട്ടും ഒരു പുരോഗതിയും തരുന്നില്ല. കുടുംബായിക്കഴിഞ്ഞാല്‍ സിനിമയൊന്നും വേണ്ട എന്നായിരുന്നു എന്റെ തീരുമാനം. പക്ഷെ ഒന്നും നോക്കാതായിക്കഴിഞ്ഞാല്‍ എന്റെ അച്ഛനേയും അമ്മയേയും ഞാനെങ്ങനെ നോക്കും”.

”പുള്ളിയുടെ സുഹൃത്തുക്കള്‍ തന്നെ എന്നെ വിളിച്ചു പറഞ്ഞു, ഇത്തയ്ക്ക് ഇപ്പോഴും കലാ ജീവിതത്തില്‍ സ്പേസുണ്ട്. ഇപ്പോള്‍ തന്നെ നമ്മള്‍ അതിനൊരു ഉത്തരം കണ്ടെത്തിയാല്‍ മുന്നോട്ട് പോകാം എന്ന്. അങ്ങനെ അത് അവിടെ വച്ച് അവസാനിപ്പിക്കുകയായിരുന്നു. പുള്ളിയുടെ പിന്നെയുള്ള കാര്യങ്ങളൊന്നും അറിയില്ല. എന്തായാലും ഞാനിപ്പോള്‍ ഹാപ്പിയാണ്”.

ജീവിതത്തില്‍ ഒരുപാട് ആഗ്രഹിച്ചതായിരുന്നു സ്വന്തമായിട്ടൊരു ഫ്ളാറ്റ്. അത് വാങ്ങി. മരണം വരെ മമ്മിയെ നോക്കണം. അമ്മയാണല്ലോ എല്ലാം. മരണം വരെ ഫാദറെ നോക്കി. അതുപോലെ അമ്മയെ നോക്കണം എന്നാണ് ആഗ്രഹമെന്നും തെസ്നി ഖാന്‍ വെളിപ്പെടുത്തി. ഇനിയൊരു വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു തെസ്നിയുടെ ഉത്തരം. അതേസമയം ദൈവം വിധിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഓക്കെയാണ്. എന്റെ മനസില്‍ ഞാന്‍ വേണ്ട എന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും താരം പറഞ്ഞു.

Vijayasree Vijayasree :