അമ്മയായും അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്ത് സിനിമയുടെ പടിവാതിലിലേയ്ക്ക് കടന്നത്. 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ആ രംഗപ്രവേശം.
പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് സീനത്തിന്റെ കലാജീവിതം. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
കെ.ടി ജീവിത പങ്കാളിയായപ്പോളും എന്റെ മനസില്‍ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാല്‍ വഴക്ക് പറയുന്ന അങ്ങനെ ഒരാളായിരുന്നു. കെ.ടി യുടെ മഹത്വം എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം. അത് കെ.ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞ് കാണാം.
വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് മുന്‍പ് താന്‍ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല മറുപടി പറയാന്‍ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.
ഒന്ന് മാത്രം പറയാം, ജീവിക്കാന്‍ മറന്ന് പോയ, കുടുംബത്തെ ഒരുപാട് സ്നേഹിച്ച, അനുജനെ, സഹോദരിമാരെ അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി.
അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല എന്നും സീനത്ത് പറയുന്നു.
പതിനെട്ടാമത്തെ വയസ്സിലായിരുന്നു സീനത്തിന്റെ ആദ്യ വിവാഹം. നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ.ടി മുഹമ്മദുമായിട്ടായിരുന്നു വിവാഹം. സീനത്തിനെ വിവാഹം കഴിക്കുമ്പോള്‍ കെ.ടി മുഹമ്മദിന് 54 വയസ്സുണ്ടായിരുന്നു. 16 വര്‍ഷം ഒരുമിച്ച് ജീവിച്ച ഇവര്‍ 1993 ല്‍ വേര്‍പിരിഞ്ഞു.
‘കോഴിക്കോട് കലിംഗ തിയ്യേറ്റേഴ്സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ്. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു.
ഒരുദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്നം. അതിനിടെ ഞങ്ങള്‍ വിവാഹിതരാകുന്നു എന്നൊക്കെ നാടക സമിതികളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കെ.ടിയുമായി ഞാന്‍ സംസാരിക്കാതെയായി. അതിനിടെ എന്നെയും ഇളയമ്മയെയും നാടക സമിതിയില്‍ നിന്ന് പിരിച്ചു വിട്ടു. കെ.ടിയോടുള്ള അടുപ്പമാണ് അതിന് കാരണമായി പറഞ്ഞത്.
ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപമെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നു’എന്നും സീനത്ത് പറഞ്ഞിരുന്നു.